അരിച്ചാക്കിനടിയിൽപെട്ട് റേഷൻ കട ഉടമക്ക് ഗുരുതര പരിക്ക്
text_fieldsറേഷൻ കട നിറഞ്ഞ് ഭക്ഷ്യധാന്യങ്ങൾ
പത്തനംതിട്ട: റേഷൻ കടയിൽ അട്ടിവെച്ച അരിച്ചാക്ക് മറിഞ്ഞുവീണ് റേഷൻ കട ഉടമയായ യുവതിക്ക് ഗുരുതര പരിക്ക്. വാഴമുട്ടം 136 ാം നമ്പർ റേഷൻ കടയുടെ ലൈസൻസി വാഴമുട്ടം പ്രസാദ് ഭവനിൽ സിന്ധുവിനാണ്(36) പരിക്കേറ്റത്. കാലൊടിഞ്ഞ സിന്ധുവിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം.
സിന്ധു അരിച്ചാക്കുകൾക്ക് അടിയിൽ പെടുകയായിരുന്നു. നിലവിളികേട്ട് പരിസരത്ത് കൂടി പോയ സ്കൂൾ വിദ്യാർഥികൾ എത്തിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാർ എത്തി അരിച്ചാക്കുകൾ നീക്കി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശസ്ത്രക്രിയ വേണ്ടി വന്നു. ഗോഡൗണിൽനിന്ന് എത്തിക്കുന്ന ഭഷ്യസാധനങ്ങൾ അട്ടിവെച്ച് നൽകുന്നതിലുണ്ടായ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയത്.
ചരക്ക് എത്തിക്കുന്ന ജോലിക്കാർ ഇടുങ്ങിയ കട മുറികളിൽ ചാക്കുകൾ കൃത്യമായി അടുക്കിവെക്കാറില്ല. പെട്ടെന്ന് സാധനങ്ങൾ ഇറക്കി കൂട്ടി വെച്ചിട്ട് പോകുകയാണ് ചെയ്യുന്നത്. റേഷൻ കടകളിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. പ്രത്യേകം ഗോഡൗൺ റേഷൻ കടകൾക്ക് ഇല്ല. മുമ്പ് റേഷൻ കട നടത്തിപ്പുകാർ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് സാധനങ്ങൾ എത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഗോഡൗണുകളുടെ സൗകര്യം നോക്കിയാണ് ചരക്ക് നീക്കം.
ഗോഡൗണിൽ ചരക്ക് കൂടുമ്പോൾ ആവശ്യം നോക്കാതെയും സ്ഥലപരിമിതി കണക്കിലെടുക്കാതെയും അതെല്ലാം റേഷൻ കടകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വെക്കുന്ന അട്ടിയുടെ മുകളിൽനിന്ന് ഒരു ചാക്ക് അരിയോ ഗോതമ്പോ എടുക്കണമെങ്കിൽ ചുമട്ടുകാരുടെ സഹായം വേണം. പലപ്പോഴും റേഷൻ വാങ്ങാൻ എത്തുന്നവരുടെ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നത്. പ്രത്യേകിച്ച് വനിത ജീവനക്കാർ.
സാഹചര്യം മൂലം പല റേഷൻ കടകളിലും ജീവനക്കാർ ജീവൻ പണയം വെച്ചാണ് ജോലി ചെയ്യുന്നത്. സിവിൽ സപ്ലൈസിന്‍റെ ഗോഡൗണിൽ ഭക്ഷ്യധാന്യങ്ങൾ പുഴവരിക്കാതെയും മറ്റും കേടുകൂടാതെ സൂക്ഷിക്കുന്നതിന് സൗകര്യം ഉണ്ടെങ്കിലും റേഷൻ കടകളിൽ ഇതില്ല.
അതുകൊണ്ടു തന്നെ റേഷൻ കടകളിലെ അമിത സ്റ്റോക്ക് ധാന്യങ്ങൾ കേടായി നശിച്ച് പോകുന്നതിനും ഇടയാക്കുന്നു. അതുമൂലം വലിയ നഷ്ടവും ഉണ്ടാകുന്നു. എന്നാൽ, ഇതൊന്നും ഉദ്യോഗസ്ഥർ കണക്കിലെടുക്കാറില്ലെന്ന് റേഷൻ കട ഉടമകൾ പരാതിപ്പെടുന്നു.