ഷെയ്ഖ് ഹസൻ ഖാന്റെ വാക്കുകൾക്കൊപ്പം ‘കൊടുമുടികൾ’ കയറിയിറങ്ങി കുട്ടിക്കൂട്ടം
text_fieldsഷെയ്ക് ഹസൻ ഖാൻ കുട്ടികളോട് സംസാരിക്കുന്നു
പത്തനംതിട്ട: ‘ഇനി ഏത് കൊടുമുടിയാണ് സർ കീഴടക്കാൻ പോകുന്നത്, എവറസ്റ്റ് കൊടുമുടിയിൽ പോയപ്പോ എന്തൊക്കെ ആഹാര സാധനങ്ങളാണ് കയ്യിൽ കരുതിയിരുന്നത്, വിദേശികളുടെ പെരുമാറ്റം ഒക്കെ എങ്ങനെയായിരുന്നു’ തുടങ്ങി കുട്ടിക്കൂട്ടത്തിന് തീരാത്ത സംശയങ്ങൾ.
ഉത്തരം പറയേണ്ടത് എഴ് ഭൂഖണ്ഡങ്ങളിലെയും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി ഷെയ്ക് ഹസൻ ഖാൻ. ജില്ല കുടുംബശ്രീ മിഷൻ ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ‘ലിയോറ’ ഫെസ്റ്റിന്റെ രണ്ടാം ദിവസം കുട്ടികളുമായി സംവദിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. എവറസ്റ്റ് കൊടുമുടിയും കിളിമഞ്ചാരോയും കീഴടക്കിയ അടൂർ സ്വദേശി സോനു സോമനും കുട്ടികളുമായി സംവദിച്ചു.
തന്റെ സ്കൂൾ പഠന കാലഘട്ടം മുതൽ സെവൻ സമ്മിറ്റിൽ എത്തിച്ചേരുന്നത് വരെയുള്ള അനുഭവങ്ങൾ ഹസൻ ഖാൻ കുട്ടികൾക്ക് കഥ പോലെ പറഞ്ഞുകൊടുത്തു. രണ്ടുമണിക്കൂർ കൊണ്ട് കുട്ടികളെല്ലാം വേറെ ഏതോ ലോകത്ത് അദ്ദേഹത്തിന്റെ വാക്കുകൾക്കൊപ്പം കൊടുമുടികൾ കയറിയിറങ്ങി.
അത്രയും കൊടുമുടികൾ കീഴടക്കിയ ഒരാൾ തങ്ങൾക്ക് അരികിൽ നിന്ന് പോരാട്ടത്തിന്റെ കഥ പറയുമ്പോൾ ഇമ ചിമ്മാതെ തെല്ലൊന്നനങ്ങാതെ നിശബ്ദമായിരുന്നു കുളനട പ്രീമിയം കഫെ ഹാൾ. അയാൾ ഒരു പന്തളംകാരൻ ആണെന്നറിഞ്ഞപ്പോൾ കുഞ്ഞുമുഖങ്ങളിൽ കൗതുകം കുറച്ചധികമായി.
കുട്ടികളുടെ വ്യത്യസ്ത മേഖലകളിലെ അഭിരുചി തിരിച്ചറിയുന്നതിനും സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പിന്തുണ നൽകൽ, നൂതന ആശയങ്ങൾ കണ്ടെത്തുന്നതിനും സമൃദ്ധമായി അവതരിപ്പിക്കുന്നതിനുള്ള ശേഷി തിരിച്ചറിഞ്ഞ് പിന്തുണ ലഭ്യമാക്കൽ, കുട്ടികളിലെ നേതൃത്വ ശേഷിയും ആശയവിനിമയ പാഠവവും വികസിപ്പിക്കൽ, കുട്ടികളിലെ ജീവിതനൈപുണ്യം തിരിച്ചറിയുന്നതിനും അവർ സ്വയം വികസിപ്പിക്കുന്നതിനും പിന്തുണ നൽകുക എന്നിവയുമാണ് ക്യാമ്പിന്റെ ലക്ഷ്യങ്ങൾ. ജില്ല ബാലസഭ ആർ.പിമാരായ മീര. ടി.എ, ഷിജു രാധാകൃഷ്ണൻ, ദീപ ജോൺ, അമ്പിളി സന്തോഷ്, ബെന്നി മാത്യു, സുധീർ ഖാൻ, കൊല്ലം ബാലസഭ ആർ.പിമാരായ അതുൽ കൃഷ്ണൻ, ഷീനാ ബീബി എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

