കോൺഗ്രസ് നേതാക്കളെ കോടതി വെറുതെവിട്ടു
text_fieldsപത്തനംതിട്ട: 2009ലെ അച്യുതാനന്ദൻ സർക്കാറിന്‍റെ കാലത്തെ വിവാദ പാഠപുസ്തക പരിഷ്കരണത്തിനെതിരെ നടന്ന സമരത്തിൽ പ്രതികളായ കോൺഗ്രസ് നേതാക്കളെ 12വർഷത്തെ നിയമ പോരാട്ടത്തിനുശേഷം പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു.
അന്നത്തെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി വൈസ് പ്രസിഡന്‍റ് വെട്ടൂർ ജ്യോതി പ്രസാദ്, യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിമൽ കൈതക്കൽ, നേതാക്കളായ ജോമോൻ കോശി, പ്രമോദ് മന്ദമരുതി, ജോസ് പെരിങ്ങനാട്, എബി വീരപള്ളി, മനുകുമാർ എന്നിവരായിരുന്നു പ്രതികൾ. പ്രതികൾക്കുവേണ്ടി അഡ്വ. സുനിൽ എസ്.ലാൽ, അഡ്വ. അഖിലേഷ് കാര്യാട്ട് എന്നിവർ ഹാജരായി.
പാഠപുസ്തകത്തിലെ കമ്യൂണിസ്റ്റ് വത്കരണത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരഭാഗമായി പത്തനംതിട്ട സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. പൊലീസ് മർദനമേറ്റ വിദ്യാർഥികൾ ദിവസങ്ങളോളം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.