അമൃതം പദ്ധതി കല്ലറക്കടവില്‍ കലക്ഷന്‍ ചേംബർ നിര്‍മാണം മുടങ്ങി
text_fieldsഅച്ചന്‍കോവിലാറില്‍ കല്ലറക്കടവില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന കലക്ഷന്‍ ചേംബര്‍ വെള്ളം ഉയർന്നതോടെ നിർമാണപ്രവൃത്തി നിലച്ച് മൂടിയിട്ടിരിക്കുന്നു
പത്തനംതിട്ട: നഗരത്തിലെ എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുന്ന അമൃതം 2.0 കുടിവെള്ള പദ്ധതിയുടെ ഭാഗമായി അച്ചൻകോവിലാറ്റിലെ കല്ലറക്കടവിലെ നിർദിഷ്ട കലക്ഷന്‍ ചേംബറിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ മഴക്കാലത്തിന് മുമ്പേ പൂർത്തിയാക്കുന്നതിൽ അനാസ്ഥ.
നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി മുടങ്ങി. 30 മീറ്റര്‍ ആഴവും മൂന്നര മീറ്റര്‍ വ്യാസവും ഇതിനുണ്ടാകും. 21 കോടി രൂപ ചെലവിൽ മൂന്ന് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉള്‍പ്പെടുന്നതാണ് കലക്ഷന്‍ ചേംബറിന്റെ നിര്‍മാണം. ചേംബറിനായി 75 ലക്ഷം രൂപയാണ് മാറ്റിവെച്ചത്. ശുദ്ധീകരണ പ്ലാന്റിലേക്ക് ആവശ്യമായ ജലം സംഭരിക്കുന്ന ഇന്‍ ടേക്ക് വെല്ലിന്റെ നവീകരണമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍, 2018ലെ പ്രളയത്തില്‍ ചളിനിറഞ്ഞതിനെ തുടര്‍ന്ന് ഇത് നവീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇതേ തുടര്‍ന്നാണ് പുതിയ ചേംബര്‍ നിർമിക്കാനുള്ള നടപടിയാരംഭിച്ചത്.
നദിയില്‍നിന്ന് കലക്ഷന്‍ ചേംബറിലേക്ക് 500 മില്ലിമീറ്റര്‍ വ്യാസമുള്ള മൂന്ന് പൈപ്പുകള്‍ സ്ഥാപിച്ച് ഭാവിയിലെ ആവശ്യത്തിനുകൂടി ഉതകുന്ന നിലയില്‍ കൂടുതല്‍ ജലം എത്തിക്കാനും പദ്ധതിയുണ്ട്. കലക്ഷന്‍ ചേംബറില്‍നിന്ന് രണ്ട് വലിയ പൈപ്പുകള്‍ സ്ഥാപിച്ച് പ്രധാന കിണറ്റിലേക്ക് വെള്ളം എത്തിക്കും.
ഇതിലൂടെ പ്രധാന കിണറ്റിലേക്ക് ആറ്റില്‍നിന്ന് നേരിട്ട് ചളിയും മറ്റ് വസ്തുക്കളും എത്തുന്നത് പൂര്‍ണമായും ഒഴിവാക്കാനാകും. ആവശ്യമാകുന്ന ഘട്ടത്തില്‍ കലക്ഷന്‍ ചേംബര്‍ മാത്രം വൃത്തിയാക്കിയാല്‍ മതിയാകും.
നദിയില്‍ ജലനിരപ്പ് താഴുമ്പോള്‍ പമ്പിങ് മുടങ്ങിയിരുന്നു. കല്ലറക്കടവില്‍ പമ്പ് ഹൗസിനോട് ചേര്‍ന്ന് തന്നെയാണ് പുതിയ ചേംബര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

