പത്തനംതിട്ട–കൊല്ലം ജില്ലക്കാരുടെ സ്വപ്നം യാഥാർഥ്യമാകുന്നു; ചെട്ടിയാരഴികത്ത് പാലം കരതൊട്ടു
text_fieldsചെട്ടിയാരഴികത്ത് പാലത്തിന്റെ അവസാന കോൺക്രീറ്റിങ്ങും കഴിഞ്ഞപ്പോൾ
അടൂർ: രണ്ടു ജില്ലക്കാരുടെ പതിറ്റാണ്ടുകളായ സ്വപ്നം യാഥാർഥ്യത്തിലേക്ക്. കല്ലടയാറിനു കുറുകെ പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ചെട്ടിയാരഴികത്ത് പാലം കരതൊട്ടു. അവസാനത്തെ വാർപ്പും നടന്നു. ഇനി ടാറിങ്ങും അപ്രോച്ച് റോഡുകളും കൂടി പൂർത്തിയാകുന്നതോടെ വാഹനങ്ങൾ കടന്നുപോകാൻ പാലം തുറന്നുകൊടുക്കും.
10.32 കോടി രൂപ ചെലവിൽ 130.70 മീറ്റർ നീളവും 7.5 മീറ്റർ കാരേജ് വേയും ഇരുവശത്തും 1.50 മീറ്റർ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയും ഉള്ള പാലമാണിത്. 32 മീറ്റർ നീളത്തിൽ രണ്ട് സ്പാനും 29.75 മീറ്റർ നീളത്തിൽ രണ്ട് സ്പാനും ഉണ്ടാകും. പാലത്തിന്റെ മണ്ണടി ഭാഗത്ത് 390 മീറ്റർ നീളത്തിലും കുളക്കട ഭാഗത്ത് 415 മീറ്റർ നീളത്തിലും ഇരുവശത്തും ഓടകൾ ഉൾപ്പെടുത്തി നിലവാരത്തിലുള്ള റോഡുകളും ഉണ്ടാകും.
10.32 കോടി ചെലവിലാണ് പാലം നിർമിക്കുന്നത്. പാലം പണി പൂർത്തിയായാൽ കടമ്പനാട്, മണ്ണടി, മാഞ്ഞാലി, ചൂരക്കോട് എന്നീ പ്രദേശക്കാർക്ക് എളുപ്പം കൊല്ലം ജില്ലയിലേക്ക് കടക്കാം. ഏനാത്ത് പാലത്തിൽ ഗതാഗത തടസ്സമുണ്ടായാൽ ഈ പാലം ഉപയോഗിക്കാം.
ചെട്ടിയാരഴികത്ത് പാലം വരുന്നതോടെ മണ്ണടിയിലെയും സമീപത്തെയും കർഷകർക്ക് ഏറെ ആശ്വാസമാകും. പാലം വരുന്നതോടെ ഇവരുടെ കാർഷിക ഉൽപന്നങ്ങൾ കൊല്ലം ജില്ലയിലെ കലയപുരം, തുരുത്തീലമ്പലം, പുത്തൂർ എന്നിവിടങ്ങളിലെ ചന്തകളിൽ കൊണ്ടുപോയി വിൽക്കാൻ സാധിക്കും.
2012 ഏപ്രിൽ 25ന് കൊട്ടാരക്കര എം.എൽ.എ ഐഷ പോറ്റി അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് സാധ്യതാപഠനത്തിന് 17.25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.അന്നത്തെ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന അപ്പനഴികത്ത് ശാന്തകുമാരിയുടെ സഹായത്തോടെ 2012 അവസാനം സാധ്യതാപഠനം നടത്തിയ രേഖകൾ സർക്കാറിന് സമർപ്പിച്ചു. 2013ലെ സാമ്പത്തിക വർഷത്തിൽ പക്ഷേ, പാലത്തിന് പണം അനുവദിച്ചുകിട്ടിയില്ല. പിന്നീട് രാഷ്ട്രീയ തർക്കത്തെ തുടർന്ന് പണി നീളുകയായിരുന്നു.
തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പാലത്തിനായി ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. തുടർന്ന് മുൻ എം.എൽ.എ ഐഷാ പോറ്റിയും ചിറ്റയം ഗോപകുമാർ എം.എൽ.എയും 2017-2018ൽ സർക്കാറിന് വീണ്ടും നിവേദനം നൽകി. ഒപ്പം സി.പി.എം ഏരിയ കമ്മിറ്റിയും സർക്കാറിന് നിവേദനം നൽകി.
ഇതോടെ കിഫ്ബിയിൽ 15 കോടി രൂപ പാലത്തിന് ബജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ ഇതേ വർഷംതന്നെ അനുബന്ധ റോഡിന്റെ നിർമാണത്തിനായി സാധ്യതാപഠനം നടത്താൻ മൂന്നരലക്ഷം രൂപയും ഐഷാ പോറ്റി ഇടപ്പെട്ട് അനുവദിച്ചു. ഈ നടപടികൾ എല്ലാം പൂർത്തീകരിച്ച് സർക്കാറിന് സമർപ്പിച്ചതിന്റെ ഫലമായാണ് ഇപ്പോൾ പാലം പണി ഭാഗികമായി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

