മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ കോമളം പാലം ഉദ്ഘാടനം ചെയ്യും
text_fieldsമുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കോമളം പാലം
പത്തനംതിട്ട: നിര്‍മാണം പൂര്‍ത്തിയായ കോമളം പാലം ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും.
2021 പ്രളയത്തില്‍ പാലത്തിന്റെ അപ്രോച്ച് റോഡ് 35 മീറ്ററോളം തകര്‍ന്നിരുന്നു. സെമി സബ്മേഴ്സിബിള്‍ ബ്രിഡ്ജായി നിര്‍മിച്ച കോമളം പാലത്തിന്റെ വെല്‍ക്യാപ്പുകള്‍ തമ്മിലുള്ള അകലം കുറവായതിനാല്‍ പാലത്തിലെ തൂണുകള്‍ക്കിടയില്‍ മരകഷണങ്ങളും മുളച്ചില്ലകളും വന്നടിഞ്ഞ് വെന്റ്വേ അടയുകയും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് അപ്രോച്ച് റോഡ് തകരുകയുമായിരുന്നു. നിര്‍മാണത്തിനുള്ള കാലതാമസം ഒഴിവാക്കാനും അപ്രോച്ച് റോഡിന് വളവുകള്‍ ഇല്ലാതിരിക്കുന്നതിനുമായി പഴയത് പൊളിച്ച് തല്‍സ്ഥാനത്ത് പുതിയ പാലം നിര്‍മിക്കുകയായിരുന്നു. 7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോട് കൂടി മൊത്തം 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിച്ചത്. നദിയില്‍ 28 മീറ്ററിന്റെ മൂന്ന് സ്പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ രണ്ടു വീതം ലാന്‍ഡ് സ്പാനുകളുള്ള ഹൈലെവല്‍ ബ്രിഡ്ജാണ് നിര്‍മിച്ചത്. മാത്യു ടി. തോമസ് എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് തുക ചെലവഴിച്ച് വഴിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
കോന്നി-വെട്ടൂര്‍-കൊന്നപ്പാറ റോഡ് ഉദ്ഘാടനം
പത്തനംതിട്ട: ആറു കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കോന്നി-വെട്ടൂര്‍-കൊന്നപ്പാറ റോഡ് ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് വെട്ടൂര്‍ ജങ്ഷനില്‍ നിര്‍വഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ശിലാഫലക അനാഛാദനം ചെയ്യും. കോന്നി മെഡിക്കല്‍ കോളജിലേക്കും ശബരിമല തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനകരമാകുന്ന റോഡ് ബി.സി സാങ്കേതിക വിദ്യയിലാണ് നിര്‍മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

