പത്തനംതിട്ടയിൽ എൽ.ഡി.എഫിന് വിജയം ഉറപ്പിച്ച് പറയാൻ കഴിയുന്ന മണ്ഡലങ്ങൾ കുറഞ്ഞു; ഡീൽ നഷ്ടക്കച്ചവടമായെന്ന ആശങ്കയിൽ ബി.ജെ.പി
text_fieldsആറന്മുളയിലെ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ് പ്രചാരണത്തിൽ
പത്തനംതിട്ട: പ്രചാരണം മുന്നേറുേമ്പാൾ ജില്ലയിൽ നിലമെച്ചപ്പെടുത്തി യു.ഡി.എഫ്. എൽ.ഡി.എഫിന് വിജയം ഉറപ്പിച്ചു പറയാൻ കഴിയുന്ന മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ ഡീലിനുപോയ എൻ.ഡി.എ നഷ്ടക്കച്ചവടമായോ എന്ന ആശങ്കയിലാണ്. ജില്ലയിെല അഞ്ച് മണ്ഡലവും നിലവിൽ ഇടതു മുന്നണിയുടെ കൈകളിലാണ്.
റാന്നിയിലൊഴികെ മറ്റ് നാല് മണ്ഡലത്തിലും ഭിന്നസ്വരങ്ങൾ ഇല്ലാതെ ഇടതു മുന്നണി സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണത്തിലേക്ക് കടന്നപ്പോൾ അടൂരിലൊഴികെ മറ്റ് നാല് മണ്ഡലത്തിലും സ്ഥാനാർഥികളെച്ചൊല്ലി വലിയ കലാപമായിരുന്നു യു.ഡി.എഫിൽ. എൻ.ഡി.എയിലാകെട്ട സസ്പെൻസിനൊടുവിൽ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തിനൊപ്പം കോന്നിയിലും മത്സരിക്കാനെത്തിയതിന് പിന്നാലെ ഡീൽ വിവാദവും സജീവചർച്ചയായി.
ബി.ജെ.പിയുടെ ജില്ല പ്രസിഡൻറിന് പ്രതീക്ഷിച്ചിരുന്ന എ ക്ലാസ് മണ്ഡലമായ ആറന്മുളയിൽനിന്ന് തിരുവല്ലയിലേക്ക് മാറേണ്ടി വന്നത് ഡീൽ ആരോപണം ഊട്ടി ഉറപ്പിക്കുന്നതായി. അപ്രതീക്ഷിതമായി തിരുവല്ലയിൽ എത്തിയ സ്ഥാനാർഥി പ്രതിഷേധച്ചൂടിൽപെട്ട് പ്രചാരണം തുടങ്ങാൻ കാത്തുനിൽക്കേണ്ടിയും വന്നു. കോൺഗ്രസിലെ കലാപമടങ്ങി വൈകിയാണെങ്കിലും യു.ഡി.എഫ് നിലമെച്ചപ്പെടുത്തുന്ന കാഴ്ചയാണ്. ഇതോടെ എല്ലായിടത്തും മത്സരം കടുത്തു.
തിരുവല്ലയിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ ഉണ്ടായ ആശയക്കുഴപ്പമാണ് ഇവിടെ ഏറെ പിന്നിലായിരുന്ന യു.ഡി.എഫിെൻറ സാധ്യത വർധിപ്പിച്ചത്. മണ്ഡലത്തിൽ എൻ.ഡി.എക്ക് സമാഹരിക്കാൻ കഴിയുമായിരുന്ന മുഴുവൻ വോട്ടുകളും പിടിക്കാൻ സ്ഥാനാർഥി അശോകൻ കുളനടക്ക് കഴിയുമോ എന്ന ആശങ്ക അവരുടെ നേതാക്കൾ തന്നെ പ്രകടിപ്പിക്കുന്നുണ്ട്.
നഷ്ടപ്പെടുന്ന വോട്ടുകൾ കൂടുതലും യു.ഡി.എഫ് സ്ഥാനാർഥി കുഞ്ഞുേകാശി പോളിന് ലഭിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. കേരള കോൺഗ്രസിന് ഒരിക്കൽ കൂടി സീറ്റ് നൽകുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസുകാരും സ്വന്തം പാർട്ടിയിലെ തന്നെ സീറ്റ് മോഹികളും തക്കം പാർത്തിരുന്ന് കാലുവാരുന്നില്ലെങ്കിൽ തിരുവല്ലയിൽ അട്ടിമറി സാധ്യത പാടേ തള്ളിക്കളയാനാകില്ല. കാൽ നൂറ്റാണ്ടായി സി.പി.എമ്മിെൻറ പക്കലുള്ള റാന്നിയിലും കടുത്ത മത്സരമാണ്.
മണ്ഡലത്തിൽനിന്ന് തന്നെയുള്ള റിങ്കു ചെറിയാെൻറ വിജയം ഉറപ്പിച്ചിരിക്കുകയാണ് യു.ഡി.എഫുകാർ. എന്നാൽ, ആദ്യത്തെ ആശയക്കുഴപ്പം മാറി പ്രചാരണം ട്രാക്കിലായതോടെ ഇടതു സ്ഥാനാർഥി പ്രമോദ് നാരായണനും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസ് നേതാവ് പത്മകുമാറിെൻറ പ്രചാരണ പ്രവർത്തനങ്ങളും ചിട്ടയായി മുന്നേറുകയാണ്. എൽ.ഡി.എഫ് വീണാ ജോർജിെൻറ വിജയം ഉറപ്പിച്ച ആറന്മുള യും കടുത്ത പോരാട്ടത്തിലേക്ക് മാറിയിട്ടുണ്ട്.
എൻ.ഡി.എ സ്ഥാനാർഥി ബിജു മാത്യുവിെൻറ പ്രചാരണം ശക്തമായതിെൻറ സൂചനകൾ ഇനിയും ഉണ്ടായിട്ടില്ല. ഇവിടെ അടിയൊഴുക്കുകൾ ഉണ്ടാകുമോ എന്നും അത് ആർക്ക് അനുകൂലമാകുമെന്നുമുള്ള കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ശബരിമല കയറാൻ വന്ന ആക്ടിവിസ്റ്റുകളെ സഹായിച്ചെന്നും മറ്റും പറഞ്ഞ് വീണാ ജോർജിനെതിരെ വികാരമിളക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് വന്നാൽ ശിവദാസൻ നായർ മന്ത്രിയാകുമെന്നാണ് മറ്റൊരു പ്രചാരണം.
കോന്നിയിൽ അടൂർ പ്രകാശ് കളം ഏറ്റെടുത്തതോടെ യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണ്. ഭിന്നസ്വരങ്ങെളല്ലാം നിലച്ചു. മത്സരം കടുത്ത സാഹചര്യത്തിൽ എസ്.എൻ.ഡി.പിയുടെ പിന്തുണ ഉറപ്പിച്ച് ജനീഷിെൻറ വിജയം ഉറപ്പിക്കാനുള്ള ശ്രമം സി.പി.എം നടത്തുന്നെന്ന വിവരം പുറത്തുവന്നതോടെ എൻ.ഡി.എയും ആശങ്കയിലാണ്.
രണ്ടിടത്ത് മത്സരിക്കുന്ന കെ. സുരേന്ദ്രന് മണ്ഡലത്തിൽ മുഴുവൻ സമയം ചെലവഴിക്കാൻ കഴിയാതെ വരുന്നത് സ്വാഭാവികമായും പ്രവർത്തനങ്ങളെ ബാധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ചിറ്റയം േഗാപകുമാർ മൂന്നാമതൊരിക്കൽകൂടി വിജയം ഉറപ്പിച്ച അടൂരിൽ കോൺഗ്രസിെൻറ യുവനേതാവ് എം.ജി. കണ്ണൻ മത്സരിക്കാൻ എത്തിയതും ഫലം പ്രവചനാതീതമാക്കാൻ ഇടയാക്കിയിട്ടുണ്ട്. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ എത്തിയ സ്ഥാനാർഥി പന്തളം പ്രതാപനും വലിയ പ്രതീക്ഷയോടെയാണ് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

