കല്ലുകടിയോടെ താലൂക്കുതല അദാലത്തിന് പത്തനംതിട്ടയിൽ തുടക്കം
text_fieldsഅദാലത്തില്‍ മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി പരാതിയുമായി എത്തിയപ്പോൾ
പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിന് ജില്ലയിൽ തുടക്കം. കോഴഞ്ചേരി താലൂക്കുതല പരാതി പരിഹാര അദാലത് ചൊവ്വാഴ്ച പത്തനംതിട്ടയിൽ നടന്നു. മന്ത്രിമാരായ പി. രാജീവും ജി.ആര്. അനിലും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം പങ്കെടുത്തില്ല.
ജില്ലയെ പ്രതിനിധാനം ചെയ്ത് വീണ ജോർജ് മാത്രമാണ് പങ്കെടുത്തത്. മൂന്ന് മന്ത്രിമാരുടെ സാന്നിധ്യം പ്രതീക്ഷിച്ച് വ്യത്യസ്ത പരാതികളുമായെത്തിയ നിരവധി പേർ നിരാശരായി മടങ്ങി. വ്യവസായ-ഭക്ഷ്യ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വൈകുന്നേരം വരെ ലക്ഷ്യമിട്ട അദാലത് ഉച്ചയോടെ അവസാനിപ്പിച്ചു.
ഇതിനിടെ പരാതികളുടെ എണ്ണം സംബന്ധിച്ച് മന്ത്രിയും കലക്ടറും വ്യത്യസ്തകണക്കുകളാണ് അവതരിപ്പിച്ചത്. ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനുള്ള സര്‍ക്കാറിന്റെ വലിയ പരിശ്രമമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് ഉദ്ഘാടനം നിർവഹിച്ച മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ ആറു താലൂക്കിലെയും അദാലത്തുകള്‍ പൂര്‍ത്തിയാക്കി 15 ദിവസത്തിനുശേഷം തുടര്‍നടപടിയുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലയില്‍ അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
കോഴഞ്ചേരി താലൂക്കുതല അദാലത്തില്‍ പരിഗണിച്ച 265 പരാതിയില്‍ 65 എണ്ണം പൂര്‍ണമായും തീര്‍പ്പാക്കി. 120 പരാതികള്‍ തീര്‍പ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. ചൊവ്വാഴ്ച അദാലത്തിന് എത്തിയത് 185 പേരാണ്. ഇതില്‍ പരിഗണിക്കാന്‍ നിശ്ചയിച്ച 265 പരാതിയില്‍ ഉള്‍പ്പെട്ട 154 പേരും പുതിയതായി എത്തിയ 31 പേരും ഉള്‍പ്പെടുന്നു.
കോഴഞ്ചേരി താലൂക്കുതല പരാതി പരിഹാര അദാലത്തിൽ എത്തിയ ജനം
പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാർക്ക് റിപ്പോര്‍ട്ട് നല്‍കും. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. 133 എണ്ണം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 82 പരാതി ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ കോഴഞ്ചേരി താലൂക്കില്‍ 375 പരാതിയാണ് ആകെ ലഭിച്ചതെന്നും ഇതിൽ 265 എണ്ണമാണ് പരിഗണിക്കാന്‍ സാധിക്കുന്നതെന്നും കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന്, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍, എ.ഡി.എം ബി. രാധാകൃഷ്ണന്, ഡെപ്യൂട്ടി കലക്ടർമാരായ ടി.ജി. ഗോപകുമാര്‍, ബി. ജ്യോതി, അടൂര്‍ ആര്.ഡി.ഒ എ. തുളസീധരന്‍ പിള്ള, ജില്ലതല ഉദ്യോഗസ്ഥര്‍, വകുപ്പുതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മൈലാടുംപാറയില്‍ കുടിവെള്ളമെത്തും
കുമ്പഴ മൈലാടുംപാറയിലെ 150ഓളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് അദാലത്തിൽ പരിഹാരമായി. 17ാം വാർഡ് കൗൺസിലർ ലാലി രാജുവാണ് പ്രശ്നം ഉന്നയിച്ചത്. വളവുങ്കൽ ഭാഗത്ത് സ്ഥിതിചെയ്യുന്ന വാട്ടർ ടാങ്കിന്റെ ലീക്ക് പരിഹരിക്കാൻ വകയിരുത്തിയ മൂന്നുലക്ഷം രൂപ ഉപയോഗിച്ച് അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നിർദേശം.
സഞ്ചാരയോഗ്യമല്ലാത്ത ആറന്മുള അയ്യംകോയിക്കൽ-കാലായിൽപടി റോഡ് റീടാറിങ് ആവശ്യവുമായാണ് റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ അദാലത്തിൽ എത്തിയത്. റോഡ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
റീസർവേ: പരിഹാരം തേടി മുൻ എം.എൽ.എ
റീസർവേ ചെയ്തതിലെ പ്രശ്നത്തിന് പരിഹാരം തേടിയാണ് മുൻ എം.എൽ.എ മാലേത്ത് സരളാദേവി എത്തിയത്. അഞ്ച് സെന്റിലുള്ള വസ്തുവിന്റെ റീസർവേയിൽ സരളാദേവി പരാതി ഉന്നയിച്ചതിനെ തുടർന്ന് വീണ്ടും സർവേ നടത്താനും അതിരുകൾ ശരിയായി നിർണയിക്കാനും ജില്ല സർവേ സൂപ്രണ്ടിനും ഭൂരേഖ തഹസിൽദാർക്കും നിർദേശം നൽകി.
പരാതിയുമായി വ്യാപാരികളും
പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ വാണിജ്യ സമുച്ചയത്തിൽ 2017ൽ കടമുറികൾ ലേലത്തിൽ പിടിച്ച വ്യാപാരികളും പരാതിയുമായി അദാലത്തിൽ എത്തി.ലേലംപിടിച്ചത് 13 വ്യാപാരികളാണ്. കെട്ടിടം പണിതു ലഭിക്കാത്തതിനെ തുടർന്ന് ആറ് വർഷമായി ബുദ്ധിമുട്ടുകയാണ്.ഗതാഗതമന്ത്രിയുമായി ഇക്കാര്യം നേരിട്ട് സംസാരിക്കാമെന്നും മന്ത്രി വ്യാപാരികൾക്ക് ഉറപ്പുനൽകി.
11 പേര്‍ക്ക് ബി.പി.എല്‍ കാര്‍ഡ്
താലൂക്കുതല പരാതി പരിഹാര അദാലത്തില്‍ റേഷന്‍ കാര്‍ഡ് വിഭാഗം ബി.പി.എല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്കും ആശ്വാസം. കോഴഞ്ചേരി താലൂക്ക് നിവാസികളായ ഡെയ്സി പി. സൈമണ്‍, ഇന്ദിര ജി. നായര്‍, രഞ്ജന പ്രസാദ്, ലാലി ഭായി, റിനി അനില്‍കുമാര്‍, ലളിത കുമാരി, പൊന്നമ്മ കൃഷ്ണപിള്ള, അന്നമ്മ തോമസ്, ഷേര്‍ളി തോമസ്, ടി. രാജമ്മ, ഗീത എന്നിവര്‍ക്കാണ് ബി.പി.എല്‍ കാര്‍ഡ് ലഭിച്ചത്. അസുഖങ്ങളുള്ളവരായിരുന്നു അപേക്ഷകരില്‍ ഭൂരിഭാഗവും. പുതിയ റേഷന്‍ കാര്‍ഡുമായി ഇവർ സന്തോഷത്തോടെ മടങ്ങി.
സരസ്വതിയമ്മയുടെ കെട്ടിടത്തിന് നമ്പറായി
മണ്ണാറക്കുളഞ്ഞി -കോഴഞ്ചേരി റോഡ് വികസനത്തിനായി രണ്ട് അടിയോളം വസ്തു നല്കിയ സരസ്വതിയമ്മയുടെ കെട്ടിടത്തിന് കെട്ടിട നമ്പര്‍ നല്‍കാതെ വാശിപിടിച്ച ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന. കേരളപഞ്ചായത്ത് ബില്‍ഡിങ് റൂള്‍ പ്രകാരമുള്ള തുറസ്സായ സ്ഥലം മൂന്ന് മീറ്റര്‍ ആവശ്യമുള്ളയിടത്ത് നിലവില്‍ അത് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തില്‍നിന്ന് കെട്ടിടനമ്പര്‍ നല്കാന് വിസമ്മതിച്ചത്.
റോഡിന്റെ വികസനത്തിന് സ്ഥലം വിട്ടു നല്‍കിയത് മൂലമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് മുന്‍വശത്ത് ആവശ്യത്തിന് സ്ഥലം ഇല്ലാതെയായത്. ഈ പരാതിയുമായി അദാലത്തിലെത്തിയ സരസ്വതിയമ്മയുടെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
എരുമക്കാട് കോളനിയിൽ സാധ്യമെങ്കിൽ സംരക്ഷണ ഭിത്തി
ആറന്മുള പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിൽ പതിനാലു കുടുംബങ്ങള്‍ താമസിക്കുന്ന എരുമക്കാട് ഭൂരഹിത കോളനിയിൽ സാധ്യമെങ്കിൽ സംരക്ഷണഭിത്തി കെട്ടി നൽകാൻ അദാലത്തിൽ ജില്ല പഞ്ചായത്തിന് നിർദേശം. എരുമക്കാട് ഭൂരഹിത കോളനിയിലെ കുന്നില്‍ വീട്ടില്‍ എ.കെ. ബോസാണ് പരാതിയുമായി എത്തിയത്.
30 വര്‍ഷം മുമ്പാണ് നാലു സെന്റ് ഭൂമിയും വീടും ഇവര്‍ക്ക് പതിച്ചു നല്‍കിയത്. പിന്നീട് ഭൂമിക്ക് പട്ടയം ലഭിക്കുകയായിരുന്നു. ഇതില്‍ പത്തു കുടുംബങ്ങള്‍ എസ്.സി വിഭാഗത്തില്‍ പെടുന്നവരാണ്. കുന്നിന്‍ചരുവില്‍ താമസിക്കുന്ന ഇവരുടെ വീടുകള്‍ക്ക് അതിരുകെട്ടി സംരക്ഷണഭിത്തികള്‍ നിര്‍മിച്ചു നല്‍കണമെന്നതാണ് ആവശ്യം.
ലൈഫ് നേടി കുഞ്ഞുമോള്‍ രാജു
വര്‍ഷങ്ങളായി വാടകക്ക് താമസിക്കുന്ന രാജു ജോര്‍ജ് - കുഞ്ഞുമോള്‍ ദമ്പതികള്‍ക്ക് വീടെന്ന സ്വപ്നം സാഫല്യമാകാന്‍ പോകുകയാണ്. 2023-24 ലൈഫ് പദ്ധതി പ്രകാരം കുളനട പഞ്ചായത്തിലെ തുമ്പമണ്‍ നോര്‍ത്ത് നിവാസിയായ കുഞ്ഞുമോള്‍ രാജുവിനെ മുന്‍ഗണന െവച്ച് ലൈഫ് പദ്ധതിയില്‍ ഉൾപ്പെടുത്താന്‍ ലൈഫ് മിഷന് കോഓഡിനേറ്ററേയും പഞ്ചായത്ത് പ്രസിഡന്റിനെയും ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

