മധ്യവയസ്കൻ നദിയിൽ വീണതായി സംശയം
text_fieldsമധ്യവയസ്കനെ കാണാതായതിനെ തുടർന്ന് വടശ്ശേരിക്കര കല്ലാറിൽ തിരച്ചിൽ നടത്തുന്നു
വടശ്ശേരിക്കര: മധ്യവയസ്കനെ നദിയിൽ വീണ് കാണാതായതായി സംശയം. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെ വടശ്ശേരിക്കര പാലത്തിന് താഴെ കല്ലാറിലെ കുളിക്കടവിൽനിന്ന് വടശ്ശേരിക്കര പേഴുംപാറ കുന്നിനിയിൽ നിഷാദി (ബഷീർ -46 )നെയാണ് കാണാതായത്.
ബുധനാഴ്ച ആങ്ങമൂഴിയിലുള്ള സഹോദരിയുടെ വീട്ടിലേക്കുപോയ നിഷാദ് വ്യാഴാഴ്ച ഉച്ചയോടെ സഹോദരിയുടെ മകൾക്കും സ്വന്തം മകൾക്കുമൊപ്പം വടശ്ശേരിക്കരയിൽ എത്തുകയായിരുന്നു. കുട്ടികൾ ബാങ്കിലേക്കും തുടർന്ന് അക്ഷയയിലേക്കും പോയ സമയത്താണ് നിഷാദ് നദിക്കരയിലേക്ക് പോയതെന്ന് കരുതുന്നു.
കുട്ടികൾ വീട്ടിലെത്തിയിട്ടും ഇയാൾ എത്തിച്ചേരാഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിനിടയാണ് കല്ലാറിലെ കുളിക്കടവിൽ ചെരിപ്പും വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെത്തിയതായി അന്തർ സംസ്ഥാന തൊഴിലാളികൾ വിവരം നൽകുന്നത്. പെരുനാട് പൊലീസും റാന്നിയിൽനിന്ന് അഗ്നിരക്ഷാസേനയും എത്തി രാത്രി ഏറെ വൈകുംവരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിട്ടില്ല.

