പോക്സോ കേസ് പ്രതിയായ അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
text_fieldsപത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒന്നാം പ്രതിയായ ഹൈകോടതി അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. പ്രതി മലപ്പുറം പൊന്നാനി തോട്ടത്തില്‍ നൗഷാദിനെ (58) മുന്‍കൂര്‍ ജാമ്യഹരജിയില്‍ അന്തിമവിധി വരുംവരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇയാൾ മുൻ ഗവ. പ്ലീഡറാണ്. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും ഇയാളോട് കോടതി നിര്‍ദേശിച്ചു.
ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന് മുന്നിലെത്തിയ മുന്‍കൂര്‍ ജാമ്യഹരജി ഉടൻ കോടതി പരിഗണിച്ചു. നൗഷാദിന് വേണ്ടി അഭിഭാഷകരായ ആര്. ബസന്ത്, കാര്‍ത്തിക് എന്നിവരാണ് ഹാജരായത്. കേസ് വ്യാജമാണെന്നായിരുന്നു ഇവരുടെ വാദം.
ഒരു അഭിഭാഷകനില്‍ നിന്നുമാണോ ഇത്തരമൊരു പ്രവൃത്തി ഉണ്ടായതെന്ന് കോടതി എടുത്തു ചോദിച്ചു. കേസ് വാദത്തിലേക്ക് കടക്കേണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് അറസ്റ്റ് തടഞ്ഞത്.
സ്റ്റാന്‍ഡിങ് കോണ്‍സല്‍ മുഖേനെ പൊലീസിന് നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശിച്ചു. മാതാപിതാക്കള്‍ പിണങ്ങി താമസിക്കുന്ന പതിനാറുകാരിയെ 2023 ജൂണ്‍ മുതലാണ് അഭിഭാഷകൻ ക്രൂരപീഡനത്തിന് ഇരയാക്കിയത്. മദ്യം കൊടുത്തായിരുന്നു പീഡനം. കുട്ടിയെ എത്തിച്ചുകൊടുത്തത് അതിജീവിതയുടെ അടുത്ത ബന്ധുവായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ കേസ് എടുത്ത കോന്നി പൊലീസ് സംഭവം നടന്നത് ആറന്മുള സ്റ്റേഷന് പരിധിയില്‍ ആയതിനാല്‍ അവിടേക്ക് കൈമാറി. കേസിലെ രണ്ടാം പ്രതിയായ അടുത്ത ബന്ധുവിനെ മൂന്നു മാസം മുമ്പ് അറസ്റ്റ് ചെയ്തുവെങ്കിലും മുഖ്യപ്രതിയായ അഭിഭാഷകന്റെ അറസ്റ്റ് നീണ്ടുപോകുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.