തദ്ദേശ സ്ഥാപനങ്ങളിൽ ശുചിത്വ കൗണ്‍സിൽ രൂപവത്കരിക്കാൻ നിർദേശം
text_fieldsപത്തനംതിട്ട: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ സമ്പൂർണ ശുചിത്വം ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വ കൗൺസിലുകൾ അടിയന്തരമായി രൂപവത്കരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
മാലിന്യ സംസ്കരണം, മഴക്കാല പൂർവ ശുചീകരണം എന്നിവ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവ- അജൈവ മാലിന്യം നൂറു ശതമാനവും ഉറവിടത്തിൽതന്നെ തരംതിരിക്കണം. അജൈവ മാലിന്യം പൂർണമായും വാതിൽപടി ശേഖരണംവഴി സാധ്യമാക്കണം. ജൈവ മാലിന്യം പൂർണമായും ഉറവിടത്തിൽതന്നെ സംസ്കരിക്കണം. ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങളെ അടിയന്തര ഇടപെടൽ, ഹ്രസ്വകാല ഇടപെപടൽ, ദീർഘകാല ഇടപെടൽ എന്നീ രീതിയൽ പ്രത്യേകമായി തരംതിരിച്ച് നടപ്പാക്കണം.
അടിയന്തര പ്രവർത്തനങ്ങളുടെ ഗൗരവം പരിഗണിച്ച് 2023 മാർച്ച് 15 മുതൽ 31 വരെ മുന്നൊരുക്കം നടത്തണമെന്നും പ്രസിഡന്റ് നിർദേശിച്ചു.
പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കും വാഹനങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതിനായി പൊലീസ് സേവനം അവശ്യ സന്ദർഭങ്ങളിൽ ഉറപ്പാക്കുന്നതിനെക്കുറിച്ചും യോഗം വിലയിരുത്തി.
കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പത്തനംതിട്ട നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ, തദ്ദേശ സ്വയംഭരണ സ്ഥാപന ജോയന്റ് ഡയറക്ടർ ജോൺസൺ പ്രേംകുമാര്‍, ആരോഗ്യ വകുപ്പ് ജില്ല എപ്പിഡമോളജിസ്റ്റ് പ്രിൻസ് അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

