തെരുവുനായ് ശല്യം; വാക്സിനോട് മുഖം തിരിച്ച് പഞ്ചായത്തുകൾ
text_fieldsപത്തനംതിട്ട: തെരുവുനായ് ശല്യം രൂക്ഷമായിരിക്കെ, വാക്സിനേഷൻ പദ്ധതിയോട് മുഖംതിരിച്ച് ജില്ലയിലെ പകുതിയോളം പഞ്ചായത്തുകൾ. ജില്ലയിലെ 27 ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകാനുള്ള പദ്ധതിക്കായി ഇതുവരെ പണം നീക്കിവെച്ചിട്ടുള്ളത്. അവശേഷിക്കുന്ന പഞ്ചായത്തുകൾ അടുത്ത പദ്ധതിയിലേക്കാണ് പണം നീക്കിവെച്ചിരിക്കുന്നത്. തെരുവുനായ്ക്കളെ കണ്ടെത്തി പിടികൂടി വാക്സിനേഷൻ നൽകുന്നതിനുള്ള ചെലവ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനമാണ് വഹിക്കേണ്ടത്. ഇവർ പണം നീക്കിവെക്കാത്തത് പദ്ധതിയെ ബാധിക്കുന്നുമുണ്ട്.
‘ഇ-സമൃദ്ധ’ പദ്ധതിയുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ജില്ല മൃഗസംരക്ഷണ ഓഫിസറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നായ്ക്കളെ പിടികൂടാൻ പരിശീലനം നൽകിയ ആളുകളുടെ സേവനം ജില്ലയിൽ ലഭ്യമാണ്. മരുന്നിന്റെ ലഭ്യത മൃഗസംരക്ഷണ വകുപ്പും ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 14,495 വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പ് നൽകിയിട്ടുണ്ട്. വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പ് നൽകുന്ന പദ്ധതി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം പദ്ധതിയുണ്ടായിരുന്ന പഞ്ചായത്തുകളിൽ തെരുവുനായ്ക്കൾക്ക് കുത്തിവെപ്പ് നൽകി.
ജനുവരി വരെയുള്ള കണക്കിൽ 628 തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. ജില്ലയിൽ എ.ബി.സി പ്രവർത്തനം നിലച്ചിരിക്കുകയാണെന്നും മൃഗസംരക്ഷണ ഓഫിസർ ഡോ. എസ്. സന്തോഷ് പറഞ്ഞു. ഇതിനുള്ള കെട്ടിടം നിർമാണം പൂർത്തിയാകാത്തതാണ് പ്രധാന കാരണം. ജില്ല പഞ്ചായത്തിന്റെ ചുമതലയിൽ പുളിക്കീഴിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയായി വരികയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ എ.ബി.സി കേന്ദ്രം പ്രവർത്തിച്ചു തുടങ്ങാനാകുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് കരുതുന്നത്. എട്ട് നായ്ക്കളെവരെ ഒരേസമയം എ.ബി.സി കേന്ദ്രത്തിൽ പാർപ്പിച്ച് വന്ധ്യംകരണം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

