പ്രധാനമന്ത്രി വന്നുപോയി; ജില്ല സ്റ്റേഡിയം തരിപ്പണം
text_fieldsപ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നിർമിച്ച ജില്ല സ്റ്റേഡിയത്തിലെ ഹെലിപ്പാഡ് പൊളിച്ചു മാറ്റുന്നു
പത്തനംതിട്ട: പ്രധാനമന്ത്രിയുടെ വരവിനായി ഹെലിപ്പാഡ് നിർമിച്ചതിനെ തുടർന്ന് ജില്ല സ്റ്റേഡിയം ചളിക്കുളമായി മാറി. സ്േറ്റഡിയത്തിൽ കാല്കുത്തിയാൽ തെന്നി വീഴുന്ന അവസ്ഥയാണിപ്പോൾ. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിക്ക് വന്നിറങ്ങാൻ ഹെലിപ്പാഡ് നിർമിച്ചതോടെയാണ് സ്റ്റേഡിയം താറുമാറായത്. മൂന്ന് ഹെലിപ്പാഡുകളാണ് ഇവിടെ നിർമിച്ചത്. ഇത് പൊളിച്ചുമാറ്റി തുടങ്ങിയിട്ടുണ്ട്. രണ്ടെണ്ണം കഴിഞ്ഞ ദിവസം പൊളിച്ചു. മൂന്നാമത്തേത് പൊളിച്ചുകൊണ്ടിരിക്കയാണ്. തറ കോൺക്രീറ്റ് ചെയ്തശേഷം പൂട്ടുകട്ട പാകുകയായിരുന്നു.
ഇത് ഇളക്കി തുടങ്ങിയതോടെ ആ ഭാഗം മുഴുവൻ ചളിക്കുളമായി മാറിക്കഴിഞ്ഞു. കനത്ത മഴ കൂടി ചെയ്യുന്നതോടെ കുഴികളിൽ വെള്ളവും കെട്ടി നിൽക്കുന്നു. ഇളക്കിയ കട്ട കൊണ്ടുപോകാനായി വാഹനങ്ങൾ കയറി ഇറങ്ങി മൈതാനം മുഴുവൻ പുതഞ്ഞ് കിടക്കയാണ്. ഹെലികോപ്ടർ ഇറക്കാനായി ഗ്രൗണ്ടിെൻറ ചുറ്റിലും സ്ഥാപിച്ചിരുന്ന കമ്പിവേലികൾ, േഗാൾ പോസ്റ്റ്, വൈദ്യുതി വിളക്കുകൾ ഇവ എല്ലം ഇളക്കി മാറ്റിയിരുന്നു . ഇവയും പുനഃസ്ഥാപിക്കണം. ഹെലികോപ്ടർ ഇറങ്ങുന്നതിെൻറ ഭാഗമായി മൈതാനത്തിന് ചുറ്റും നിന്നിരുന്ന മരങ്ങൾ മുഴുവൻ മുറിച്ച് മാറ്റിയതോടെ തണലും ഇല്ലാതായി. ബി.ജെ.പി ജില്ലാനേതൃത്വത്തിെൻറ ചുമതലയിലാണ് ഇത് നീക്കം ചെയ്യുന്നത്. ആവശ്യം കഴിഞ്ഞാൽ സ്റ്റേഡിയം പഴയ രൂപത്തിൽ ഒരുക്കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
സ്റ്റേഡിയത്തിേലക്ക് വാഹനം ഇറങ്ങാനായി പുതിയ പ്രവേശന കവാടവും നിർമിച്ചിരുന്നു. ഇത് അശാസ്ത്രീയമാെണന്നാണ് സ്പോർട്സ് കൗൺസിൽ പറയുന്നത്. റോഡിൽനിന്നുള്ള മഴവെള്ളം പുതിയതായി നിർമിച്ച റോഡിൽകൂടി സ്റ്റേഡിയത്തിലേക്ക് ഒഴുകും. അവധിക്കാലമായിട്ടും കായിക പരിശീലനങ്ങൾ നടത്താൻ പറ്റാത്ത വിധം തകർന്നു കിടക്കയാണ് സ്റ്റേഡിയം. പ്രഭാതസവാരിക്കാർക്ക് പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ജില്ലാ ആസ്ഥാനത്തെ സ്റ്റേഡിയം വികസനം ഏറെക്കാലമായി വിവാദങ്ങളിലും അതെ തുടർന്ന് അനിശ്ചിതത്വത്തിലും കിടക്കയാണ്.
കിഫ്ബി മുഖേന 50 കോടി രൂപയുടെ ഇൻഡോർ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് പുതിയ നഗരസഭ ഭരണസമിതി ധാരണ പത്രത്തിൽ ഒപ്പിട്ടുവെങ്കിലും തുടർ നടപടികൾ ഒന്നും ആയിട്ടില്ല. സ്റ്റേഡിയത്തിെൻറ കിഴക്ക് വശത്തായി കേന്ദ്ര കായിക മന്ത്രാലയത്തിെൻറ ഫണ്ട് ഉപയോഗിച്ചുള്ള സ്േറ്റഡിയം വികസനവും മാസങ്ങളായി മുടങ്ങി കിടക്കയാണ്. ആദ്യഘട്ട നിർമാണത്തിന് ആറു കോടി രൂപയാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

