സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ ഉദ്ഘാടനം ചെയ്തു
text_fieldsപത്തനംതിട്ട: റവന്യൂ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി കെ. രാജന്. ആറന്മുള, ചെന്നീര്‍ക്കര, പുറമറ്റം, നിരണം, കൂടല്‍, സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാലുലക്ഷത്തിലധികം പട്ടയങ്ങള്‍ നല്കി ഭൂരഹിതരില്ലാത്ത കേരളം എന്ന നേട്ടത്തിനരികിലാണ് സംസ്ഥാനം. ഭൂഉടമകള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍ നല്‍കും. 632 വില്ലേജുകളെ സ്മാര്‍ട്ട് ആക്കിയതായും നാനൂറോളം വില്ലേജ് ഓഫിസുകള്‍ പുനര്‍നിര്‍മിച്ചതായും മന്ത്രി പറഞ്ഞു.
ആറന്മുള ഇടശ്ശേരിമല എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ ആറന്മുള, ചെന്നീര്‍ക്കര സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. ജില്ലയില്‍ ഭരണാനുമതി ലഭിച്ച 41 ല്‍ 32 എണ്ണം സ്മാര്‍ട്ട് വില്ലേജാക്കി മാറ്റാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. രണ്ടുകോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
കലക്ടര്‍ എസ്. പ്രേം കൃഷ്ണന്, എഡിഎം ബി. ജ്യോതി, മുന്‍ എം.എല്‍.എ മാലേത്ത് സരള ദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോന്, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി.റ്റോജി, ജില്ലാ പഞ്ചായത്ത് അംഗം ആര്. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില. എസ് നായര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുറമറ്റം സെന്റ് മേരീസ് ഊര്‍ശ്ലേം ഓറത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പുറമറ്റം സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനത്തില്‍ മാത്യു ടി തോമസ് എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന നിര്‍മിതി കേന്ദ്രം കോഴഞ്ചേരി റീജിയണല്‍ മാനേജർ എ.കെ. ഗീതമ്മാള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന് ജോസഫ്, പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ വര്‍ഗീസ്, അംഗം കെ. ഒ. മോഹന്‍ദാസ്, ജില്ല പഞ്ചായത്തംഗം ജിജി മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഷിജു. പി കുരുവിള, ബാബു പാലയ്ക്കല്‍, അനീഷ് കുമാര്‍, മഞ്ജു മോള്, പി.എ വര്‍ഗീസ്, ജോ എണ്ണയ്ക്കാട്, ഹബീബ് റാവുത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിരണം സെന്റ് മേരീസ് പള്ളി പാരിഷ് ഹാളില്‍ നടന്ന നിരണം വില്ലേജ് ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ മാത്യു. ടി തോമസ് എംഎല്‍എ അധ്യക്ഷനായി. തിരുവല്ല പിഡബ്ല്യുഡി സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ശ്രുതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അനു, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

