മഴക്ക് നേരിയ ശമനം
text_fieldsപത്തനംതിട്ട: ഇടിച്ചുകുത്തി പെയ്യുന്ന മഴയിൽനിന്ന് ജില്ലക്ക് നേരിയ ശമനം. മൂന്ന് ദിവസമായി ശക്തികുറഞ്ഞ മഴ ശനിയാഴ്ച പലയിടത്തും ഇടവിട്ടാണ് പെയ്തതത്. അതേസമയം പമ്പ, മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളിലെപോലെ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ശമനമുണ്ടായി. അടുത്ത ദിവസങ്ങളിൽ മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പ് വന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ജനം വിട്ടുപോയിട്ടില്ല. മൂവായിരത്തോളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളുടെ എണ്ണം 72 ആയി ഉയർന്നു.
തിരുവല്ല താലൂക്കിൽ 57 ക്യാമ്പുകളിലായി 2578 പേർ കഴിയുന്നു. കോഴഞ്ചേരി താലൂക്കിൽ എട്ടും മല്ലപ്പള്ളി താലൂക്കിൽ ആറും അടൂരിൽ ഒരു ക്യാമ്പും പ്രവർത്തിക്കുന്നു. റാന്നി താലൂക്കിലെ ഒരു ക്യാമ്പ് അവസാനിപ്പിച്ചു.

