പൊലീസ് സ്റ്റേഷനിലെ പീഡനശ്രമം; ഗ്രേഡ് എ.എസ്.ഐക്കെതിരായ അന്വേഷണം ഇഴയുന്നു
text_fieldsപത്തനംതിട്ട: ആറന്മുള മാതൃക പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽപ്പോയ ഗ്രേഡ് എ.എസ്.ഐയെ കണ്ടെത്താനാകാതെ പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്റ്റേഷൻ വൃത്തിയാക്കവെ ജീവനക്കാരിയെ ഗ്രേഡ് എ.എസ്.ഐ സജീഫ് ഖാൻ കടന്നുപിടിച്ചത്. യുവതി ഒച്ചവെച്ചപ്പോൾ മറ്റ് പൊലീസുകാരെത്തുകയും സജീഫ് ഖാൻ സ്റ്റേഷനിൽനിന്ന് കടന്നുകളയുകയുമായിരുന്നു. സംഭവദിവസം ആറന്മുള സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നില്ല. അടുത്തദിവസം രാവിലെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
വിവാദമായതോടെ ജില്ല പൊലീസ് മേധാവി ഇടപെടുകയും അന്വേഷിക്കാൻ രണ്ട് ഡിവൈ.എസ്.പി.മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ശനിയാഴ്ച ഇവർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് സജീഫ് ഖാനെ സസ്പെൻഡുചെയ്തത്. എന്നാൽ, ഒളിവിൽ പോയ പ്രതിയെ കണ്ടെത്തി മറ്റ് നിയമനടപടികൾ സ്വീകരിക്കാൻ പൊലീസ് താൽപര്യം കാട്ടുന്നില്ലെന്നാണ് ആക്ഷേപം. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽനിന്ന് കടന്നുകളഞ്ഞ സജീഫ് ഖാനെപ്പറ്റി അന്വേഷിക്കാനോ കേസെടുക്കാനോ തയാറാകാതിരുന്ന പൊലീസ് പ്രതിക്ക് രക്ഷപ്പെടാൻ സമയം നൽകിയെന്നാണ് ആക്ഷേപം. പ്രതി ഒളിവിൽപോയി മൂന്ന് ദിവസം പിന്നിട്ടിട്ടും ഫോൺ ലൊക്കേഷൻ പോലും കണ്ടെത്താൻ പൊലീസ് ശ്രമിച്ചിട്ടില്ല.
പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. സജീഫ് ഖാന്റെ കൂടലിലെ വീടും ബന്ധുവീടുകളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും എസ്.എച്ച്.ഒ. എ.ആർ. ലീലാമ്മ പറഞ്ഞു. സജീഫ് ഖാന്റെ വീട് നിരീക്ഷിക്കണമെന്ന് കൂടൽ സ്റ്റേഷനിലും അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

