മഹാപ്രളയത്തിന് ഏഴുവർഷം; നിർദേശങ്ങളൊന്നും നടപ്പായില്ല
text_fieldsമഹാപ്രളയത്തിൽ പന്തളം ജങ്ഷൻ മുങ്ങിയപ്പോൾ
പന്തളം: മഹാപ്രളയത്തിൽ പന്തളം മുങ്ങിത്താണിട്ട് ഏഴുവർഷം. ഇതിനുപിന്നാലെ പന്തളത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾക്കായി പ്രളയ പാക്കേജ് തയാറാക്കിയെങ്കിലും നിർദേശങ്ങളെല്ലാം കടലാസിൽ. നഗരസഭയുടെ നേതൃത്വത്തിലാണ് പാക്കേജ് തയാറാക്കിയത്. ആറ് ഫൈബർ വള്ളങ്ങൾ വാങ്ങിയതൊഴിച്ചാൽ മറ്റ് നടപടികളൊന്നുമുണ്ടായിട്ടില്ല.
വീണ്ടും പല തവണ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ നഗരവാസികൾ അനുഭവിച്ചു. നഗരസഭയിലെ 33ൽ 28 വാർഡുകളും വെള്ളപ്പൊക്കബാധിതമായിരുന്നു. നൂറുകണക്കിനു കുടുംബങ്ങൾക്ക് ക്യാമ്പിലേക്ക് മാറേണ്ടിയും വന്നിരുന്നു. മുടിയൂർക്കോണം നാഥനടി കളത്തിലെ ഒമ്പത് കുടുംബങ്ങൾക്ക് 2018ലെ പ്രളയം മുതൽ ഇതുവരെ 20 തവണയാണ് വീടൊഴിയേണ്ടി വന്നത്. കഴിഞ്ഞ മാസം അവസാനമുണ്ടായ ശക്തമായ മഴയെത്തുടർന്നും ഇവർക്ക് വീടൊഴിയേണ്ടി വന്നിരുന്നു.വാസയോഗ്യമായ സ്ഥലം ലഭ്യമാക്കണമെന്ന ഇവരുടെ ആവശ്യവും പരിഗണിച്ചില്ല. അച്ചൻകോവിലാറിന്റെ തീരമിടിച്ചിൽ തടയാനും നടപടിയുണ്ടായില്ല. ഏതാനും കടവുകൾ പുനരുദ്ധരിച്ചെന്നു മാത്രം.
വെളിച്ചം കാണാതെ പാക്കേജ്
മുടിയൂർക്കോണം, ചേരിക്കൽ, തോട്ടക്കോണം, മങ്ങാരം, തോന്നല്ലൂർ, കടയ്ക്കാട്, പൂഴിക്കാട് മേഖലകളാണ് വെള്ളപ്പൊക്കത്തിൽ കടുത്ത ദുരിതം നേരിട്ടിട്ടുള്ളത്. ചേരിക്കൽ എസ്.വി എൽ.പി, തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി, മുടിയൂർക്കോണം എം.ടി എൽ.പി സ്കൂളുകൾ സ്ഥിരം ക്യാമ്പുകളായിരുന്നു.
തോന്നല്ലൂർ മാടപ്പള്ളി മേലേതിലെ ക്യാമ്പിൽ വെള്ളം കാരണം സഹായങ്ങളെത്തിക്കാനാവാത്ത സ്ഥിതിയും അന്ന് വന്നിരുന്നു. ഇവയെല്ലാം ഉൾപ്പെടുത്തിയാണ് പാക്കേജ് തയാറാക്കി സർക്കാറിന് സമർപ്പിച്ചത്. ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും വെള്ളം കയറുമ്പോഴും അധികാരികൾ സ്ഥലം സന്ദർശിച്ച് വാഗ്ദാനങ്ങൾ നൽകിപ്പോകുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. പന്തളത്തെ താഴ്ന്ന പ്രദേശത്തെ വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ച് റവന്യു വകുപ്പ് വിശദമായി പരിശോധന നടത്തി റിപ്പോർട്ട് നൽകിയതാണ്.
ഒന്നും വെളിച്ചം കണ്ടിട്ടില്ല. 2018 ല് ഉണ്ടായ മഹാപ്രളയത്തിൽ, ഉപജീവനമാർഗമായ കടകൾ പലർക്കും ഉപേക്ഷിക്കേണ്ടിവന്നു. മഹാപ്രളയം ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം ഇപ്പോഴും പലർക്കും വേദനയാണ്. പന്തളം പൂർണമായും വെള്ളത്തിൽ മുങ്ങിയപ്പോൾ സഹായത്തിനായി ഓടിയെത്തിയത് കടലോരത്തെ മത്സ്യത്തൊഴിലാളികൾ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

