ക്ലാസെടുത്താൽ പോരാ; ചികിത്സിക്കണം
text_fieldsപത്തനംതിട്ട: കോന്നിയിലെ സർക്കാർ മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ജില്ലക്ക് പ്രയോജനപ്പെടുത്താനുള്ള നിർദേശവുമായി ആരോഗ്യ വകുപ്പ്. നിലവിൽ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്ന ജോലി മാത്രമാണുള്ളത്. മെഡിക്കൽ കോളജ് പ്രവർത്തനസജ്ജമായെങ്കിലും പല വകുപ്പുകൾക്കും അനുമതി ലഭിക്കാൻ ഇനി കാത്തിരിക്കണം. ഇക്കാരണത്താൽ ശസ്ത്രക്രിയ, പോസ്റ്റ്മോർട്ടം അടക്കം മെഡിക്കൽ കോളജിൽ നടത്താനാകുന്നില്ല.
ഒന്നും രണ്ടും വർഷക്കാരായ എം.ബി.ബി.എസുകാരാണ് കോന്നിയിൽ പഠിക്കുന്നത്. ഇവർക്ക് ക്ലാസെടുക്കാനാവശ്യമായ അധ്യാപകരെയാണ് കോന്നിയിലേക്ക് നിയോഗിച്ചിരിക്കുന്നത്. എല്ലാ വകുപ്പുകളുടെയും ഒ.പി വിഭാഗവും കോന്നിയിലുണ്ട്. ഒ.പിയിൽ അധികവും ജൂനിയർ ഡോക്ടർമാരാണ്. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിഗുരുതരമായ കേസുകളോ അത്യാഹിത വിഭാഗമോ കോന്നിയിൽ സജ്ജമായിട്ടില്ല. മേജർ ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം ഇവക്ക് നിശ്ചിത വർഷത്തെ പ്രവർത്തനം കഴിഞ്ഞെങ്കിൽ മാത്രമേ മെഡിക്കൽ കോളജിൽ അനുമതി നൽകാറുള്ളൂ.
ഇക്കാരണത്താൽ കോന്നിയിലെ ഡോക്ടർമാരുടെ സേവനം ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലേക്കു പ്രയോജനപ്പെടുത്തണമെന്ന നിർദേശവുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം ഇവക്കായി മെഡിക്കൽ കോളജ് ഡോക്ടർമാരെ നിയോഗിക്കണമെന്നാണ് ആവശ്യം. വിഷയത്തിൽ ഡി.എം.ഒതലത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്തുനൽകിയിട്ടുണ്ട്.
ജില്ലയിൽ ഒരു ഫോറൻസിക് സർജൻ; മെഡിക്കൽ കോളജിൽ മൂന്നുപേർ
പോസ്റ്റ്മോർട്ടം ചെയ്യാൻ ആകെയുള്ളത് ഒരു പൊലീസ് സർജനാണ്. ഇദ്ദേഹം അവധിയെടുത്താൽ പത്തനംതിട്ടയിൽ പോസ്റ്റ്മോർട്ടം ചെയ്യാനാകില്ലെന്ന സ്ഥിതിയുണ്ട്. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് മൃതദേഹവുമായി പത്തനംതിട്ടയിൽ എത്തുമ്പോൾ സർജൻ ഇല്ലെന്നു കണ്ടാൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കൽ കോളജുകളിലേക്കോ പോകേണ്ടി വരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പൊലീസ് സർജൻ തസ്തികയുള്ളത്. ജില്ലയിൽ സൗകര്യങ്ങളുള്ള കോഴഞ്ചേരി ജില്ല ആശുപത്രി, പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പോസ്റ്റ്മോർട്ടം നടത്തേണ്ടത് പത്തനംതിട്ടയിലെ ഒരേയൊരു ഡോക്ടറാണ്.
നിലവിൽ കോന്നി മെഡിക്കൽ കോളജിൽ ഫോറൻസിക് സർജൻമാരായി മൂന്നുപേരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ സേവനം ജില്ലയിലെ ആശുപത്രികളിൽ പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് ഉയർന്നത്. കോന്നി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം അനുമതി ഇനിയുമായിട്ടില്ല. പ്രവർത്തനം ആരംഭിച്ച് അഞ്ചാമത്തെ വർഷമാണ് സാധാരണ നിലയിൽ പോസ്റ്റ്മോർട്ടം അനുമതി നൽകാറുള്ളത്.
നേത്ര ശസ്ത്രക്രിയക്കും കൂടുതൽ ഡോക്ടർമാർ
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മാത്രമാണ് നിലവിൽ നേത്ര ശസ്ത്രക്രിയയുള്ളത്. ഒരു ഡോക്ടർ മാത്രമാണ് ആശുപത്രിയിലുള്ളത്. രോഗികളുടെ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും ശസ്ത്രക്രിയ സൗകര്യം ലഭിക്കാറുമില്ല.
കോന്നി മെഡിക്കൽ കോളജിലാകട്ടെ നേത്ര ചികിത്സ വിഭാഗത്തിൽ മൂന്ന് സർജൻമാർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സേവനം രോഗികൾക്ക് ലഭ്യമാകുന്നില്ല. ഒ.പി വിഭാഗം മെഡിക്കൽ കോളജിലുണ്ടെങ്കിലും ശസ്ത്രക്രിയ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. പത്തനംതിട്ടയിലെ നേത്ര ശസ്ത്രക്രിയ വിഭാഗത്തിലേക്ക് ഈ ഡോക്ടർമാരുടെ സേവനംകൂടി പ്രയോജനപ്പെടുത്തിയാൽ ജില്ലയിലെ നിരവധി രോഗികൾക്കു പ്രയോജനപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.