സീതത്തോട്ടിൽ പഞ്ചായത്തിന്റെ ഷോപ്പിങ് മാളും സിനിമാ തിയേറ്ററും തുറന്നു
text_fieldsസീതത്തോട്ടിൽ പഞ്ചായത്തിന്റെ ഷോപ്പിങ് മാളും സിനിമാ തിയേറ്ററും തുറക്കുന്ന ചടങ്ങിനോടനുബന്ധിച്ച പൊതുസമ്മേളനം പി.പി.സുനീർ എം.പി ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: സീതത്തോടിന്റെ വികസന കുതിപ്പിൽ തിളങ്ങുന്ന അധ്യായമാണ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നിർമ്മിച്ച ഗവി ഷോപ്പിങ് മാളും ഗാലക്സി സിനിമാസുമെന്ന് മന്ത്രി എം ബി രാജേഷ്. ഷോപ്പിങ് മാളിന്റെയും സിനിമ തിയേറ്ററിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ആദ്യമായാണ് ഗ്രാമപഞ്ചായത്ത് സ്വന്തമായി സിനിമ തിയേറ്റർ ഒരുക്കിയത്. അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച തിയേറ്റർ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു. സീതത്തോട് ബസ് സ്റ്റാൻഡിൽ ചേർന്ന പൊതുസമ്മേളനം പി.പി.സുനീർ എം. പി ഉദ്ഘാടനം ചെയ്ത. നടി ഭാവന തിയറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ.യു.ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷനായി.
കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് അംഗം പി.ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡാണ് രാജ്യാന്തര നിലവാരത്തിലുള്ള മാൾ നിർമിച്ചത്. സെല്ലർ ഫ്ലോറിൽ പൂർണമായി ശീതികരിച്ച മത്സ്യമാംസ ചന്തകൾ പ്രവർത്തിക്കും. ഗ്രൗണ്ട് ഫ്ളോറിൽ സൂപ്പർ മാർക്കറ്റും കഫെറ്റീരിയയും പ്രവർത്തിക്കും. ഒന്നാം നിലയിൽ വിവിധ ഓഫീസുകളും ഷോപ്പുകളും ഉണ്ടാകും. രണ്ട്, മൂന്ന് നിലകളിലായി റസ്റ്റോറൻറ്, സ്യൂട്ട് റൂം, തീയേറ്റർ എന്നിവ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

