സി.പി.ഐ ജില്ല കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷം; യുവ നേതാക്കളെ വെട്ടിനിരത്തുന്നു
text_fieldsപത്തനംതിട്ട: സി.പി.ഐ ജില്ല ഘടകത്തിൽ വിഭാഗീയത രൂക്ഷമാകുന്നതിനിടെ എതിർപക്ഷത്ത് നിൽക്കുന്ന യുവനേതാക്കളെ വെട്ടിനിരത്തുന്നു. കഴിഞ്ഞ ദിവസം നടന്ന ജില്ല എക്സിക്യൂട്ടിവ് യോഗം, അംഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങൾക്കും വേദിയായി. ജില്ല കമ്മിറ്റി അംഗങ്ങളായ അരുൺ കെ.എസ് മണ്ണടി, എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറിയായ ആർ. ജയൻ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചു. പാർട്ടി സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനം നടത്തിയെന്നാണ് ഇവർക്കെതിരായ പരാതി. പത്തനംതിട്ട മണ്ഡലം സെക്രട്ടറി എസ്. അബ്ദുൽ ഷുക്കൂറിനെ ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. ഔദ്യോഗിക പക്ഷമാണ് ആരോപണവുമായി രംഗത്തെത്തിയത്. നടപടി നേരിട്ട യുവനേതാക്കളെല്ലാം പാർട്ട ജില്ല സെക്രട്ടറിക്കെതിരെ നിൽക്കുന്ന ജില്ല പഞ്ചായത്ത് അംഗം കൂടിയായ യുവവനിത നേതാവിനെ അനുകൂലിക്കുന്നവരാണ്.
കഴിഞ്ഞ സമ്മേളനത്തിൽ പത്തനംതിട്ട മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എസ്. അബ്ദുൽ ഷുക്കൂർ ഒമ്പത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ ആവശ്യങ്ങൾക്കായി 15 ദിവസത്തേക്ക് പാർട്ടിയിൽനിന്ന് അവധിയെടുത്തിരുന്നു. അന്ന് ബി. ഹരിദാസിനാണ് പകരം ചുമതല കൈമാറിയത്. എന്നാൽ, അവധി കഴിഞ്ഞെത്തിയ എസ്. അബ്ദുൽ ഷുക്കൂറിന് ചുമതല കൈമാറാൻ ബന്ധപ്പെട്ടവർ അനുമതി നൽകിയില്ല. തുടർന്ന് ഇപ്പോൾ ജില്ല കമ്മിറ്റിയിൽനിന്നുകൂടി ഒഴിവാക്കാൻ തീരുമാനിച്ചത് ജില്ല എക്സിക്യൂട്ടിവിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ചുമതല തിരികെ കിട്ടാത്ത വിഷയത്തിൽ അബ്ദുൽ ഷുക്കൂർ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നൽകിയിരുന്നു. ഇതിൽ സംസ്ഥാന സെക്രട്ടേറിയറ്റിന് വിശദീകരണം നൽകാൻ ജില്ല നേതൃത്വം തയാറായിട്ടില്ല.
ജില്ല സെക്രട്ടറി എ.പി. ജയൻ വിഭാഗത്തിന് ഭൂരിപക്ഷമുള്ള എക്സിക്യൂട്ടിവിലും ജില്ല കമ്മിറ്റിയിലും ഏകപക്ഷീയ തീരുമാനങ്ങൾ നടപ്പാക്കുന്നതായി പാർട്ടിയിൽ മുമ്പ് തന്നെ വിമർശനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജില്ല സെക്രട്ടറി എ.പി. ജയനെതിരെ, ജില്ല പഞ്ചായത്ത് അംഗം കൂടിയായ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീന ദേവി കുഞ്ഞമ്മ സംസ്ഥാന ഘടകത്തിന് നൽകിയ പരാതിയിൽ അന്വേഷണത്തിനായി പാർട്ടി നാല് അംഗ കമീഷനെ നിയമിച്ചിരുന്നു. ഇതിൽ എ.പി. ജയൻ നൽകിയ വിശദീകരണം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയ പശ്ചാത്തലത്തിൽ കൂടിയാണ്, ഇപ്പോൾ തിരക്കിട്ട് എതിർ പക്ഷത്തെ ജില്ല കമ്മിറ്റിയിൽനിന്ന് വെട്ടിനിരത്തുന്നത്. ഈ മാസം 30ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ജില്ല സെക്രട്ടറിക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
എൽ.ഡി.എഫിലെ ധാരണ പ്രകാരം ഈ മാസം അവസാനിക്കുന്നതോടെ ശ്രീനാദേവി കുഞ്ഞമ്മക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവി ലഭിക്കണം. എന്നാൽ, ഇവരെ അനുകൂലിക്കുന്നവരെ സി.പി.ഐ ജില്ല ഘടകത്തിൽനിന്ന് ഒഴിവാക്കി മറ്റൊരാൾക്ക് സ്ഥാനം നൽകാനാണ് ഔദ്യോഗിക വിഭാഗത്തിന്റെ നീക്കം. ജില്ല പഞ്ചായത്തിൽ സി.പി.ഐക്ക് രണ്ട് അംഗങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

