കോന്നി മെഡിക്കൽ കോളജിൽ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ നിലച്ചു
text_fieldsകോന്നി: കോന്നി മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. നിർമാണ കമ്പനിക്ക് 20 കോടിയിലധികം തുക കുടിശ്ശിഖ ആയതോടെ നിർമാണ പ്രവർത്തനങ്ങൾ നിലക്കുകയായിരുന്നു. അഞ്ഞൂറിലധികം തൊഴിലാളികളാണ് രണ്ടാം ഘട്ട നിർമാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നത്. ശമ്പളം ലഭിക്കാതായതോടെ പകുതിയിലധികം തൊഴിലാളികൾ ഇതിനോടകം സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയി. നേരത്തേ പോയ തൊഴിലാളികൾ തിരികെ വന്നിട്ടുമില്ല.
കൂടാതെ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള സാധന സാമഗ്രികൾ വാങ്ങിയ ഇനത്തിൽ നിർമാണ കമ്പിനി പല കമ്പനികളിലും വൻ കുടിശ്ശിഖ ആയതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. 2021ലാണ് കോന്നി മെഡിക്കൽ കോളേജ് നിർമാണ പ്രവർത്തനങ്ങൾ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി ഉദ്ഘാടനം നിർവഹിച്ചത്. കിഫ്ബിയിൽ നിന്ന് ലഭിക്കുന്ന 352 കോടി രൂപ ചിലവഴിച്ചാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
നിർമാണ ഏജൻസിയായ എച്ച്.എൽ.എൽ കരാർ നൽകിയ രാജസ്ഥാൻ ആസ്ഥാനമായുള്ള ജാതൻ കൺസ്ട്രക്ഷൻ കമ്പനിയാണ് രണ്ടാം ഘട്ട നിർമാണം ഏറ്റെടുത്തത്. രണ്ടാം ഘട്ടത്തിൽ ഏഴു നിലകളുള്ള 250 കിടക്കകൾ ഉള്ള ആശുപത്രി കെട്ടിടം, ജീവനക്കാർക്കും ഡോക്ടർമാർക്കും താമസിക്കാനുള്ള 11 നിലകളുള്ള ഫ്ലാറ്റ് സമുച്ചയങ്ങൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകൾ, പ്രിൻസിപ്പൽ ഡീൻ വില്ല, അക്കാദമിക് ബ്ലോക്ക്, മോർച്ചറി, റോഡുകൾ, ബ്ലഡ് ബാങ്ക്, ഓഡിറ്റോറിയം ബ്ലോക്ക് എന്നിങ്ങനെയാണ് പദ്ധതിയിൽ ഉൾപ്പെടൂത്തിയത് . നിർമാണ കമ്പനിക്ക് തുക കൂടിശ്ശിഖ ആയതോടെ ആശുപത്രി കെട്ടിടം, ഓഡിറ്റോറിയം, ഫ്ലാറ്റുകൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർണമായി മുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

