നാല് സ്കൂളുകൾക്ക് പുതിയ കെട്ടിടം
text_fieldsകോന്നി: നിയോജക മണ്ഡലത്തിലെ ഗവ. എൽ.പി.എസ് പ്രമാടം, ഗവ. എൽ.പി.എസ് മലയാലപ്പുഴ, ഗവ. എൽ.പി.എസ് ചിറ്റാർ, ഗവ. ഹൈസ്കൂൾ മാങ്കോട് എന്നിവക്ക് പുതിയകെട്ടിടങ്ങൾ. ഇവയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
ഒരുകോടി രൂപ ചെലവിൽ രണ്ടുനിലകളിലായി നിർമാണം പൂർത്തീകരിച്ച പ്രമാടം ഗവ. എൽപി സ്കൂളിൽ 3979 ചതുരശ്ര അടി വിസ്തീർണത്തിൽ ആറ് ക്ലാസ് മുറിയും മുകളിൽ ഹാളുമാണ് നിർമിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിനായിരുന്നു നിർവഹണ ചുമതല. രണ്ട് കോടി ചെലവിൽ നിർമാണം പൂർത്തീകരിച്ച മലയാലപ്പുഴ ഗവ. എൽ.പി സ്കൂളിൽ ഇരുനിലകളിലായി 6000 ചതുരശ്ര അടി വിസ്തീർണത്തിൽ 10 ക്ലാസ് മുറിയും ഓഫിസ് റൂമും പാചകപ്പുരയും ടോയ്ലറ്റ് ബ്ലോക്കും നിർമിച്ചിട്ടുണ്ട്. സ്കൂളിന് ചുറ്റും മതിലും മുറ്റത്ത് ഇന്റർലോക്ക് കട്ടകളും വിരിച്ചിട്ടുണ്ട്. 115 വർഷം പഴക്കമുള്ള സ്കൂൾ മലയാലപ്പുഴ ജങ്ഷനിൽ പഞ്ചായത്ത് ഓഫിസിന് സമീപമാണ് നിർമാണം പൂർത്തിയാക്കിയത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർമാണപ്രവൃത്തികൾ പൂർത്തീകരിച്ചത്.
ഒന്നരക്കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ ചിറ്റാർ കൂത്താട്ടുകുളം ഗവ. എൽ.പി സ്കൂൾ 5000 ചതുരശ്ര അടി വിസ്തീർണത്തിൽ ഏഴ് ക്ലാസ് മുറിയും ഒരു ഓഫിസ് മുറിയും ടോയ്ലറ്റ് ബ്ലോക്കും സഹിതമാണ് നിർമിച്ചിരിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. 1.30 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ മാങ്കോട് ഗവ. സ്കൂളിൽ 4035 ചതുരശ്ര അടി വിസ്തീർണത്തിൽ എട്ട് ക്ലാസ് മുറിയും ടോയ്ലറ്റുകളും ആണ് നിർമിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് കില എൻജിനീയറിങ് വിഭാഗമാണ് നിർമാണ പ്രവൃത്തികൾ നടത്തിയത്.
മാങ്കോട് സ്കൂളിൽ ഹയർസെക്കൻഡറി ബ്ലോക്ക് നിർമിക്കുന്നതിന് 72 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ ഹയർസെക്കൻഡറി ബ്ലോക്കിന്റെ നിർമാണ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. രാവിലെ 9.30ന് പ്രമാടം ഗവ. എൽ.പി സ്കൂൾ ഉദ്ഘാടനവും, 10.30ന് മലയാലപ്പുഴ ഗവ. എൽ.പി സ്കൂൾ ഉദ്ഘാടനവും 11.30ന് ചിറ്റാർ കൂത്താട്ടുകുളം ഗവ. എൽ.പി സ്കൂൾ ഉദ്ഘാടനവും ഉച്ചക്ക് രണ്ടിന് മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഉദ്ഘാടനവും പുതിയ സെക്കൻഡറി ബ്ലോക്കിന്റെ നിർമാണ ഉദ്ഘാടനവും മന്ത്രി ശിവൻകുട്ടി നിർവഹിക്കും. അതാത് സ്കൂൾ അങ്കണങ്ങളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

