സന്തോഷ് വായനശാല സുവർണജൂബിലി നിറവിൽ
text_fieldsഅടൂർ ആനന്ദപ്പള്ളിയിലെ സന്തോഷ് വായനശാല
അൻവർ എം.സാദത്ത്
അടൂർ: പ്രവർത്തന മികവിന് തുടർച്ചയായി ഒമ്പതുവർഷം എ ഗ്രേഡ് കൈവരിച്ച് ജൈത്രയാത്ര തുടരുകയാണ് അടൂർ ആനന്ദപ്പള്ളിയിലെ സന്തോഷ് വായനശാല. 2015ൽ ഗ്രന്ഥശാലകൾക്ക് ഗ്രേഡ് നിശ്ചയിച്ചവർഷം മുതൽ എ ഗ്രേഡ് ലഭിക്കുന്നുണ്ട്. 1973ജനുവരി ഒന്നിനാണ് സന്തോഷ് വായനശാല നാട്ടുകാരുടെ താൽപര്യത്തിൽ സ്ഥാപിതമാകുന്നത്.എം. ജോർജ് കണ്ടനല്ലൂർ പ്രസിഡന്റായും രാമചന്ദ്രൻ സെക്രട്ടറിയുമായാണ് പ്രവർത്തനം ആരംഭിച്ചത്. ചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയ പാതക്കരികിലാണ് വായനശാല പ്രവർത്തിക്കുന്നത്.
14,000 പുസ്തകങ്ങളുടെ ശേഖരമാണ് ഇവിടെയുള്ളത്. 1975ൽ ഗ്രന്ഥശാലക്കുള്ള അംഗീകാരം ലഭിച്ചു. 1990ൽ സർക്കാർ പുറംപോക്ക് ഭൂമിയായ ഒന്നരസെന്റ് സ്ഥലം വായനശാലക്ക് ലഭിച്ചു. 1995ൽ ഈ സ്ഥലത്ത് ഒരു ചെറിയ കെട്ടിടവും പണിതു. 170 ആയുഷ്കാല അംഗങ്ങൾ ഉൾപ്പെടെ 1150 അംഗങ്ങൾ വായനശാലയിലുണ്ട്. സംസ്ഥാനത്തെ ഏഴു വായനശാലകൾക്ക് ചരിത്ര, ശാസ്ത്ര, വിജ്ഞാന കോർണർ അനുവദിച്ചപ്പോൾ അതിൽ ഇടംനേടി സന്തോഷ് വായനശാല മികവ് തെളിയിച്ചിരുന്നു. ഇതോടൊപ്പം വിവരസാങ്കേതിക രംഗത്ത് പുത്തൻ അറിവുകൾ പകർന്നുനൽകാൻ ലൈബ്രറി കൗൺസിൽ ഇന്റർനെറ്റ് സൗകര്യത്തോടെ അനുവദിച്ച കമ്പ്യൂട്ടർ കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ബാലവേദി, വനിതവേദി, യുവജന വേദി, സ്പോർട്സ്-ആർട്സ് ക്ലബ്, കാർഷിക കോർണർ, ചാരിറ്റി പ്രവർത്തനം എന്നിവയും നടക്കുന്നു. ജില്ല, താലൂക്ക് തലത്തിൽ മികച്ച ഗ്രന്ഥശാലക്കുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്. പ്രസിഡന്റ് വി.എൻ. മോഹൻദാസ്, സെക്രട്ടറി വി.കെ. സ്റ്റാൻലി എന്നിവർ അടങ്ങുന്ന 11 അംഗ ഭരണസമിതിയുടെ നേതൃത്വത്തിലാണ് സന്തോഷ് വായനശാലയുടെ പ്രവർത്തനങ്ങൾ മുന്നേറുന്നത്. സ്ഥലപരിമിതിയാണ് വായനശാല നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.സുവർണജൂബിലി ആഘോഷിക്കുന്ന ഈ വർഷം തന്നെ പുതിയ ഒരു സ്ഥലം കണ്ടെത്തി ബിൽഡിങ് പണിയുന്നതിനുള്ള തയാറെടുപ്പിലാണ് ഭാരവാഹികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.