Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമണൽ ഖനനം; വീതി കുറഞ്ഞ്...

മണൽ ഖനനം; വീതി കുറഞ്ഞ് ആദിപമ്പ തോടായി

text_fields
bookmark_border
മണൽ ഖനനം; വീതി കുറഞ്ഞ് ആദിപമ്പ തോടായി
cancel
camera_alt

മണൽ ഖനനംമൂലം ആദിപമ്പയിൽ മണൽപുറ്റ് രൂപപ്പെട്ടപ്പോൾ

പത്തനംതിട്ട: നദിയിൽ ജലപ്രവാഹം വർധിപ്പിക്കുക എന്ന പേരിൽ അടിത്തട്ട് കുഴിച്ച് കോടിക്കണക്കിന് രൂപയുടെ മണൽ കൊണ്ടുപോയതോടെ ആദിപമ്പ തോടായി മാറി. 100 മീറ്ററിലധികം വീതിയിൽ ഒരു കാലത്ത് പരന്നൊഴുകിയ നദിക്ക് ഇപ്പോൾ എട്ടു മുതൽ 15 മീറ്റർ മാത്രമാണ് വീതി. നദീമധ്യത്തിൽ മൺപുറ്റുകൾ രൂപപ്പെട്ടതോടെ പള്ളിയോടങ്ങളുടെ യാത്രയും തടസ്സപ്പെടും.

പണ്ട് പമ്പാനദി ആറന്മുളയും ഇടയാറന്മുളയും കടന്ന് ആറാട്ടുപുഴക്ക് താഴെ വഞ്ചിപോട്ടിൽ കടവിലെത്തി നേരെ വടക്ക് പടിഞ്ഞാറോട്ട് തിരിഞ്ഞ് വലം കരയായ കോയിപ്രത്തേയും ഇടംകരയായ ഇടനാടിനെയും വേർതിരിച്ച് ഓതറ കുന്നേക്കാട്, ഓതറ, പുതുകുളങ്ങര വഴി മംഗലത്തിലെത്തി വീണ്ടും പടിഞ്ഞാറേക്ക് തിരിഞ്ഞാണ് ഒഴുകിയിരുന്നത്. എന്നാൽ, കാലങ്ങൾക്ക് മുമ്പുണ്ടായ പ്രളയത്തിൽ വഞ്ചിപോട്ടിൽ കടവിന് താഴെ ഒരു വിള്ളൽ സൃഷ്ടിച്ചുകൊണ്ട് നദിയുടെ ഒരു ശാഖ പുത്തൻ കാവിലൂടെ നേരെ പടിഞ്ഞാറേക്ക് ഒഴുകി മംഗലത്തിലെത്തി പ്രധാന നദിയുമായി സംഗമിച്ചു. തുടർന്ന് വിള്ളൽ ആദ്യം പാത്തിയായും പിന്നീട് 100 മീറ്റർ വീതിയിൽ നദിയായും രൂപപ്പെട്ടു. ആദി പമ്പ അപ്പോഴും ജലസമൃദ്ധമായി നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. നാലു ഭാഗത്തുകൂടിയും പമ്പ ഒഴുകാൻ തുടങ്ങിയതോടെ ഇടനാട് മേഖല ദ്വീപായി പരിണമിച്ചു. എന്നാൽ, ഉദ്ദേശം 70 വർഷം മുമ്പ് വഞ്ചിപ്പോട്ടിൽ കടവിന്‍റെ മറുകരയിൽ മണൽവാരൽ ശക്തമായതോടെ പമ്പയുടെ അടിത്തട്ട് താണുതുടങ്ങി. അതോടെ ആദി പമ്പയിലേക്കുള്ള ഒഴുക്ക് കുറഞ്ഞു. കാലക്രമത്തിൽ വർഷകാലത്ത് മാത്രം ആദി പമ്പയിലൂടെ ജലം ഒഴുകാൻ തുടങ്ങി. ആദി പമ്പയിൽനിന്നുൽഭവിക്കുന്ന വരട്ടാറും അതോടെ വരണ്ടുണങ്ങി.

വരട്ടാറിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പത്തുവർഷം മുമ്പ് ഓതറ കേന്ദ്രമാക്കി കൂട്ടായ്മ രൂപപ്പെട്ടതോടെ വരട്ടാർ വികസിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു. നദി കുഴിച്ച് മണൽ കടത്തുക എന്നതായിരുന്നു പലരുടെയും ലക്ഷ്യം. ഇതിന് വൻ പ്രചാരണവും നൽകി. എല്ലാ വർഷവും മഴക്കാലത്ത് നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ ആദി പമ്പയിലും വരട്ടാറ്റിലും വെള്ളം എത്തുന്നത് മുതലെടുത്ത് വരട്ടാർ നവീകരണം സാധ്യമാക്കി എന്ന് പറഞ്ഞ് ആദി പമ്പയിൽ 2017ൽ ജലഘോഷയാത്രയും നടത്തി. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തതോടെ വാർത്താപ്രാധാന്യവും ലഭിച്ചു.

ആദിപമ്പയിലെ മണൽക്കൊള്ള ആരംഭിച്ചത് 2023ലാണ്. ഡ്രഡ്ജർ ഉപയോഗിച്ചായിരുന്നു നദി കുഴിക്കാൻ തുടങ്ങിയത്. ആയിരക്കണക്കിന് ലോഡ് മണലാണ് ഇവിടുന്ന് കടത്തിയത്. നദിയുടെ മധ്യഭാഗം ഉദ്ദേശം 10 മീറ്റർ ആഴത്തിലും 8-15 മീറ്റർ വീതിയിലും കുഴിച്ചതോടെ ജലം ആ ഭാഗത്ത് മാത്രമായി കേന്ദ്രീകരിച്ചു. അങ്ങനെയാണ് പുഴ തോടായി മാറിയത്. ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന മൂന്ന് പള്ളിയോടങ്ങൾ വരട്ടാറിന്‍റെ തീരത്താണ്. കുന്നേക്കാട്ട്, ഓതറ, പുതുക്കുളങ്ങര എന്നീ പള്ളിയോടങ്ങളാണിവ. നദിയുടെ വീതി കുറഞ്ഞതുമൂലം ഈ പള്ളിയോടങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. കൂടാതെ നദീമധ്യത്തിൽ മൺപുറ്റും രൂപപ്പെട്ടിട്ടുണ്ട്. ആഴത്തിൽ അടിത്തട്ട് കുഴിച്ചതിനാൽ നദീതീരത്തെ കിണറുകളിൽ പോലും വെള്ളമില്ലാത്ത അവസ്ഥയാണിപ്പോൾ. ഇതിനോടകം ആദിപമ്പയിൽനിന്നും വരട്ടാറ്റിൽനിന്നും കോടികളുടെ മണൽക്കൊള്ളയാണ് നടന്നത്. കല്ലിശേരിയിലെ യാർഡിൽ ഇപ്പോഴും മണൽ വിൽപന നടക്കുന്നുണ്ട്. ഒരു ശാസ്‌ത്രീയ പഠനവും ഇല്ലാതെയാണ് നദിയിൽ മണൽ ഖനനം നടന്നതെന്ന ആരോപണവും ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sand miningPathanamthitalocalnews
News Summary - Sand mining turns Adi Pampa river into a narrow stream
Next Story