സ്തുത്യർഹ സേവനം പൂർത്തിയാക്കി ‘സാമന്ത’ വിരമിച്ചു
text_fieldsജില്ല പൊലീസ് ആസ്ഥാനത്ത് സാമന്തക്ക് സേനയുടെ യാത്രയയപ്പ്
പത്തനംതിട്ട: ജില്ല പൊലീസിന് അഭിമാനമായ പൊലീസ് നായ് സാമന്ത ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. ജില്ല പൊലീസ് ആസ്ഥാനത്ത് വീരോചിതമായ യാത്രയയപ്പാണ് സേന സാമന്തക്ക് ഒരുക്കിയത്. ചടങ്ങിൽ ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് മുഖ്യാതിഥിയായിരുന്നു. സാമന്ത ജില്ല പൊലീസ് മേധാവിക്ക് സല്യൂട്ട് നൽകി അഭിവാദ്യം അർപ്പിച്ചപ്പോൾ സാമന്തക്ക് തിരിച്ചും സല്യൂട്ട് നൽകിയും ഹാരമണിയിച്ചും ആദരവ് നൽകി.
ചടങ്ങിൽ അഡീഷനൽ ജില്ല പൊലീസ് സൂപ്രണ്ട് ആർ. ജയരാജ്, റിസർവ് ഇൻസ്പെക്ടർ ബിജുലാൽ എന്നിവരും നിരവധി പൊലീസ് ഉദ്യോഗസ്ഥരും ജില്ല ഡോഗ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വിരമിക്കൽ ചടങ്ങിനോട് അനുബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് മുന്നിൽ തന്റെ ഹാൻഡ്ലറോടൊപ്പം മാർച്ച് പാസ്റ്റ് നടത്തിയ സാമന്ത ഹാൻഡ്ലറായ ജോർജ് ആന്റണിയുടെ ആജ്ഞകൾക്ക് അനുസരിച്ച് ചുവടുവെച്ചും പരേഡ് ചെയ്തും സല്യൂട്ട് നൽകിയും എല്ലാവരുടെയും കൈയടി നേടി.
ലാബ്രഡോർ ഇനത്തിൽപ്പെട്ട സാമന്ത പൊലീസ് ഡോഗ് സ്ക്വാഡിൽ നർക്കോട്ടിക് സ്നിഫർ വിഭാഗത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 10 വർഷത്തിലധികമായി പൊലീസ് സേനയിൽ സേവനം ചെയ്യുന്ന സാമന്ത 350ലധികം കേസുകളുടെ അന്വേഷണത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 10 വർഷത്തെ സേവന കാലയളവിൽ കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിലും സമൂഹത്തെ കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിലും സാമന്ത വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. പൊലീസ് സേനയിലെ സേവനത്തിൽനിന്ന് വിരമിക്കുന്ന സാമന്തയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച നിലവിലെ ഹാൻഡ്ലർ ജോർജ് ആന്റണിക്ക് സാമന്തയെ ജില്ല പൊലീസ് മേധാവി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

