ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കും -മന്ത്രി വാസവന്
text_fieldsശബരിമല: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് മന്ത്രി വി.എന്‍ വാസവന്. ശനിയാഴ്ച പമ്പ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. തീർഥാടകരുടെ ആവശ്യം പരിഗണിച്ചാണ് അയ്യപ്പ സംഗമത്തിലേക്ക് സര്‍ക്കാറും ദേവസ്വം ബോര്‍ഡും എത്തിയത്. ശബരിമലയ്ക്കുള്ള വികസന കാഴ്ചപ്പാടും ഭാവിയിലെ മാറ്റങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്യം. മൂന്നു വേദികളിലായി ഒരേ സമയം വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തും.
ശബരിമല മാസ്റ്റര്‍ പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍, ശബരിമലയിലെ തിരക്ക് ക്രമീകരണവും മുന്നൊരുക്കങ്ങളും ഇവയാണ് വിഷയം. പമ്പ തീരത്തെ പ്രധാന വേദിയിലാണ് മാസ്റ്റര്‍ പ്ലാനിനെ കുറിച്ച ചര്‍ച്ച. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഭക്തര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയവ ചര്‍ച്ച ചെയ്യും. മൂന്നു ഘട്ടമാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 1000 കോടി രൂപയുടെ വികസനം ലക്ഷ്യമിടുന്നു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 146 കോടി രൂപയുടെ വികസനം നടക്കുന്നു. ആത്മീയ ടൂറിസം സര്‍ക്യൂട്ടാണ് രണ്ടാമത്തെ വിഷയം. ശബരിലയുടെ തിരക്ക് നിയന്ത്രണവും സജ്ജീകരണവുമാണ് മൂന്നാമത്തെ വിഷയം. ഭക്തര്‍ക്ക് സുഗമമായ രീതിയില്‍ ദര്‍ശനം ഉറപ്പാക്കും. ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭക്തരുടെ അഭിപ്രായം ശേഖരിക്കും. ചോദ്യാവലി പ്രതിനിധികള്‍ക്ക് നല്‍കും. തീർഥാടകരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണും.
സെഷനുകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിക്കാന്‍ കമ്മിറ്റിയെ നിയമിക്കും. കമ്മിറ്റി നല്കുന്ന നിര്‍ദേശങ്ങളില്‍ ഊന്നിയാകും തുടര്‍ വികസനം. ശബരിമല വിമാനത്താവളം, റെയില്‍വെ അടക്കം വൈകാതെ പൂര്‍ത്തിയാകും.
കെ.യു .ജനീഷ് കുമാര്‍ എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ ഹുസൈന്, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, റവന്യു- ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, പത്തനംതിട്ട, കോട്ടയം ജില്ലാ കലക്ടര്‍മാരായ എസ് .പ്രേം കൃഷ്ണന്, ചേതന്‍കുമാര്‍ മീണ, ഡി.ഐ.ജി അജിത ബീഗം, ജില്ല പൊലിസ് മേധാവി ആര്. ആനന്ദ്, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ ശ്രീധന്യ രാജേഷ്, ശബരിമല എ.ഡി.എം. അരുണ്‍ എസ്. നായര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്, ദേവസ്വം ബോര്‍ഡ് പ്രതിനിധികളായ എ .അജികുമാര്‍, പി. ഡി. സന്തോഷ് കുമാര്‍, ദേവസ്വം കമീഷണര്‍ ബി .സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

