ജനറല്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡ് തുറന്നു
text_fieldsപത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തീർഥാടകര്‍ക്കായി ഒരുക്കിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല
വാര്‍ഡിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ തീർഥാടകര്‍ക്കായി ഒരുക്കിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല വാര്‍ഡ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും സുരക്ഷിതവുമായ തീർഥാടനകാലം ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാ കിടക്കയിലും ഓക്സിജന്‍ സപ്ലൈ, വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, ഓക്സിജന്‍ ബെഡ്, ഇ.സി.ജി, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റ്, മള്‍ട്ടി പാരാമോണിറ്റര്‍, ബൈപാസ് വെന്റിലേറ്റര്‍ തുടങ്ങി ഐ.സി.യു അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല വാര്‍ഡില്‍ 18ഉം കാര്‍ഡിയോളജി വിഭാഗത്തില്‍ രണ്ടും അടക്കം 20 കിടക്ക ഒരുക്കിയിട്ടുണ്ട്.
ജീവന്‍രക്ഷാ മരുന്ന്, കിടക്ക, ജീവന്‍രക്ഷ ഉപകരണങ്ങള്‍, ലാബ് ടെസ്റ്റുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കും. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം ശബരിമല വാര്‍ഡിലേക്ക് മാത്രമായി ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, അറ്റന്‍ഡര്‍മാര്‍ അടക്കമുള്ള ടീമിന്റെ 24 മണിക്കൂര്‍ സേവനം ഒരുക്കിയിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളജിലും പ്രത്യേക വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്.
പമ്പ കേന്ദ്രീകരിച്ചും കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തീർഥാടന പാതയില്‍ ഏതെങ്കിലും തീര്ഥാടകന് നെഞ്ചുവേദനയോ ഹൃദയസ്തംഭനമോ ഉണ്ടായാല്‍ അവരുടെ അടുത്തേക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി ശുശ്രൂഷ നല്കി പമ്പയില്‍ എത്തിച്ച് ഉടൻ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി, സൂപ്രണ്ട് ഡോ. എ. അനിത, ഡോ. എസ്. ശ്രീകുമാര്‍, ഡോ. ആശിഷ് മോഹന്‍ കുമാര്‍, പ്രഫ. ടി.കെ.ജി. നായര്‍, എം.ജെ. രവി, റെനീസ് മുഹമ്മദ്, ബി. ഷാഹുല്‍ ഹമീദ്, പി.കെ. ജയപ്രകാശ്, സാം മാത്യു, ബിജു മുസ്തഫ, അന്‍സാരി എസ്. അസീസ്, വര്‍ഗീസ് മുളക്കല്‍, സുമേഷ് ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു.
തീര്‍ഥാടന പാതയിലെ അവസാനവട്ട ഒരുക്കം വിലയിരുത്തി
പത്തനംതിട്ട: തീർഥാടനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തീർഥാടന പാതയിലെ അവസാനവട്ട ഒരുക്കം വിലയിരുത്താൻ യാത്ര നടത്തി കലക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സനമായ ഡോ. ദിവ്യ എസ്.അയ്യര്‍. പത്തനംതിട്ട മുതല്‍ പമ്പവരെ തീർഥാടകരെത്തുന്ന പ്രധാന പാതയിലെ സ്ഥലങ്ങളായ മണ്ണാറക്കുളഞ്ഞി റോഡ്, കാരക്കാട് അക്വഡറ്റ്, വടശ്ശേരിക്കര ഇടത്താവളം, ബംഗ്ലാംകടവ്, പ്രയാര്‍ മഹാവിഷ്ണുക്ഷേത്രം, മാടമണ്‍കടവ്, അമ്പലക്കടവ്, പൂവത്തുംമൂട്, പെരുനാട് ഇടത്താവളം, ളാഹ, പ്ലാപ്പള്ളി എന്നിവിടങ്ങളാണ് കലക്ടറും സംഘവും സന്ദര്‍ശിച്ചത്. ഇടത്താവളങ്ങളില്‍ കുടിവെള്ളം, കിടക്കാനുള്ള സൗകര്യം, ശുചിമുറി എന്നിവ ഉറപ്പാക്കി.
ഭക്തര്‍ കുളിക്കാന്‍ ഇറങ്ങാന്‍ സാധ്യതയുള്ള കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, ഡിവൈ.എസ്.പിമാരായ എസ്. നന്ദകുമാര്‍, ജി. സന്തോഷ് കുമാര്‍, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ഷഫീര്‍ഖാന്‍, ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കലക്ടറെ അനുഗമിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.