കണ്ടുനിന്ന് തിരുവല്ല!; കൂകിപ്പാഞ്ഞ് ട്രെയിനുകൾ
text_fieldsപത്തനംതിട്ട: കൺമുന്നിലൂടെ ട്രെയിനുകൾ പാഞ്ഞുപോകുന്നത് നോക്കിനിൽക്കാൻ വിധിക്കപ്പെട്ട് തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ. ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായിട്ടും പല ട്രെയിനുകൾക്കും തിരുവല്ലയിൽ സ്റ്റോപ്പില്ല. വന്ദേഭാരത്, കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്സ്പ്രസ്, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവയടക്കമാണ് തിരുവല്ലയിൽ നിർത്താതെ യാത്രക്കാരുടെ കൺമുന്നിലൂടെ കടന്നുപോകുന്നത്. മുമ്പ് ശബരിമല തീർഥാടനകാലത്ത് എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇപ്പോൾ ഇതും നിലച്ചു. ശബരിമല സ്പെഷ്യൽ ട്രെയിനുകളും തിരുവല്ലയിൽ നിർത്താറില്ല. മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസിന് (16344) സ്റ്റോപ്പില്ലാത്തത് യാത്രക്കാർക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.
അതേസമയം, ഇതേ ട്രെയിനിന് തിരുവനന്തപുരം-മധുര യാത്രയിൽ (തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസിന് (16343)) തിരുവല്ലയില്‍ സ്റ്റോപ്പുണ്ട്. നേരത്തെ അമൃത എക്സ്പ്രസിന് തിരുവല്ലയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് നിർത്തലാക്കി. എന്നാൽ, കോവിഡ് കാലം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും സ്റ്റോപ്പ് പുന:സ്ഥാപിച്ചിട്ടില്ല. കോവിഡ് കാലത്ത് സ്റ്റോപ്പ് എടുത്തു കളഞ്ഞ മംഗളൂരു - തിരുവനന്തപുരം എക്സ്പ്രസ്, നിലമ്പൂര്‍ - തിരുവനന്തപുരം സൗത്ത് രാജ്യറാണി ട്രെയിനുകൾക്ക് തിരുവല്ല സ്റ്റോപ്പ് പുന:സ്ഥാപിച്ചു നല്‍കിയിരുന്നു.
തിരുവല്ല റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് മൈതാനത്തോട് ചേർന്ന് പുതുതായി സ്ഥാപിച്ച
പ്രവേശന കവാടം
അപ്പോഴും അമൃത എക്സ്പ്രസിന്റെ സ്റ്റോപ്പിന്റെ കാര്യത്തില്‍ തീരുമാനം നീളുകയാണ്. അമൃത എക്സ്പ്രസിൽ എത്തുന്ന യാത്രക്കാർ ചെങ്ങന്നൂരില്‍ ഇറങ്ങി ബസിൽ കയറി തിരുവല്ലയിൽ എത്തേണ്ട സ്ഥിതിയാണ്.
എല്ലാ ജില്ലയിലും ഒരു സ്റ്റോപ്പ് എന്ന നിലയില്‍ വന്ദേഭാരത് തിരുവല്ല നിർത്തേണ്ടതായിരുന്നു. ട്രെയിന്‍ അനുവദിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറും തിരുവല്ലയിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് റെയിൽവേക്ക് കത്ത് നൽകിയിരുന്നു. അന്തർസംസ്ഥാന തൊഴിലാളികൾ ഏറെ ആശ്രയിക്കുന്ന വിവേക് എക്സ്പ്രസ് നിർത്താത്തതും തിരുവല്ലക്ക് തിരിച്ചടിയാണ്. തിരുവല്ല മേഖലയില്‍ നിന്നുള്ള യാത്രക്കാർ ഇപ്പോൾ ചെങ്ങന്നൂരിലോ കോട്ടയത്തോ എത്തിയാണ് ഈ ട്രെയിൻ പിടിക്കുന്നത്. അതിനിടെ, സ്റ്റേഷൻ നവീകരണത്തിന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷനിലെ പാര്‍ക്കിങ് സൗകര്യം അടക്കം വിപുലീകരിച്ചിട്ടുണ്ട്. പുതിയ ആർച്ചും സ്ഥാപിച്ചു. പ്ലാറ്റ്ഫോമുകളുടെ റൂഫിങ് ജോലികൾ അടക്കം പുരോഗമിക്കുകയാണ്.
രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലാണ് അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുന്നത്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഷൻ നവീകരണം പുരോഗമിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

