ശബരിമല തീർഥാടനം; ആദ്യഘട്ടത്തിൽ 450 ബസ് ഓടിക്കാൻ കെ.എസ്.ആർ.ടി.സി
text_fieldsപത്തനംതിട്ട: അയ്യപ്പഭക്തർക്ക് സുഗമയാത്രയൊരുക്കാൻ ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ഓടിക്കുന്നത് 450 ബസ്. ഇതിൽ 202 ബസുകൾ നിലയ്ക്കൽ -പമ്പ ചെയിൻ സർവിസിനായി ഉപയോഗിക്കും. ഓരോ മിനിറ്റിലും മൂന്ന് ബസ് വീതമാണ് നിലയ്ക്കൽ-പമ്പ റൂട്ടിൽ ഓടുന്നത്. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കുമെന്ന് കെ.എസ്. ആർ. ടി. സി പമ്പ സ്പെഷൽ ഓഫിസർ റോയി ജേക്കബ് പറഞ്ഞു.
ലോ ഫ്ലോർ എ.സി, ലോ ഫ്ലോർ നോൺ എ.സി ബസുകൾ ഉൾപ്പെടെയാണിത്. നിലയ്ക്കൽ- പമ്പ സർവിസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കെ.എസ്.ആർ.ടി.സി നിയോഗിച്ചിട്ടുണ്ട്. പമ്പ സ്റ്റാൻഡിൽ ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി മെക്കാനിക് ഗാര്യേജ് പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ സഞ്ചരിക്കുന്ന വർക്ക്ഷോപ്പ് പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി, പെരുനാട് എന്നിവിടങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. പമ്പയിൽ കെ.എസ്.ആർ.ടി.സി ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്താനും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവിസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

