ശബരിമല വിമാനത്താവള പദ്ധതി; കൊടുമൺ പ്ലാന്റേഷനിലും സാമൂഹിക ആഘാത പഠനം നടത്തണം
text_fieldsപത്തനംതിട്ട: ശബരിമല വിമാനത്താവള ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്ക് കൊടുമൺ പ്ലാന്റേഷൻ മേഖലയിലെ ഭൂമിയിൽ സാമൂഹിക ആഘാത പഠനം നടത്തണമെന്ന ഹൈകോടതി നിർദേശം സംസ്ഥാന സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്യും. കൊടുമണ്ണിലെ പ്ലാന്റേഷൻ മേഖല കൂടി വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ടു സാമൂഹിക ആഘാത പഠനം നടത്താനുള്ള ഭൂമിയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഹൈകോടതി സർക്കാറിന് നിർദേശം നൽകിയത് മാസങ്ങൾക്കു മുമ്പാണ്. എന്നാൽ, ഇതുവരെ പരിശോധന നടത്തിയിട്ടില്ല. വിഷയത്തിൽ സർക്കാർ പൊതുജനങ്ങളുടെ ഇടയിൽ റഫറണ്ടം നടത്തണം. വനമേഖലയല്ലാത്ത, ഗതാഗത സൗകര്യങ്ങളോടുകൂടിയ സർക്കാർ സ്ഥലം ഉള്ളപ്പോൾ സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ കോടികൾ കൊടുത്തു പൊന്നും വിലയ്ക്കെടുക്കാനുള്ള നീക്കം സംശയാസ്പദമാണ്. ഹൈകോടതി നിർദേശമുണ്ടായിട്ടും നടപടികൾ സ്വീകരിക്കാത്തതിനു പിന്നിൽ സർക്കാർ ഗൂഢാലോചനയാണ്.
എരുമേലി മേഖലയിൽ വിമാനത്താവളം വരുന്നതിനേക്കാൾ ജില്ലക്കും സമീപജില്ലകൾക്കും ഗുണം ചെയ്യുക പദ്ധതി കൊടുമൺ എസ്റ്റേറ്റിൽ വരുമ്പോഴാണ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ചെയർമാൻ ഡോ. വർഗീസ് പേരയിൽ, സെക്രട്ടറി ശ്രീജിത് ഭാനുദേവ്, പഞ്ചായത്ത് അംഗം എ. വിജയൻ നായർ, ടി. തുളസീധരൻ, രാജൻ സുലൈമാൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.