ബേക്കറിയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം
text_fieldsതിരുവല്ല: എം.സി റോഡിൽ തിരുമൂലപുരത്ത് ബേക്കറിയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം. തിരുമൂലപുരത്തെ അമ്പാടിയിൽ ബേക്കറി ആൻഡ് കഫേയിലാണ് മോഷണം നടന്നത്. പ്രധാന ഷട്ടറിന്റെ താഴ് തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ മേശയിലുണ്ടായിരുന്ന ആറായിരത്തോളം രൂപ കവർന്നു.
ചൊവ്വാഴ്ച രാവിലെ 8.30ഓടെ ജീവനക്കാരനായ സുരേന്ദ്രൻ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടൻ സ്ഥാപന ഉടമയെയും തിരുവല്ല പൊലീസിനെയും അറിയിച്ചു. പുലർച്ച 3.20ഓടെ ഷട്ടറിന്റെ താഴ് തകർത്ത് ബേക്കറിയിൽ കയറിയ മഴക്കോട്ടും തൊപ്പിയും ധരിച്ച സംഘം പണം തിരയുന്ന ദൃശ്യങ്ങൾ സ്ഥാപനത്തിലെ സി.സി ടി.വിയിൽനിന്ന് ലഭിച്ചിട്ടുണ്ട്.
മോഷണം നടന്ന ബേക്കറിയുടെ എതിർവശത്ത് പ്രവർത്തിക്കുന്ന തട്ടുകടയിൽ എത്തിയ സംഘം മോഷണശ്രമം നടത്തുകയും ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് അടുപ്പ് സമീപത്തെ വെള്ളക്കെട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

