പൂച്ചക്കുളം റോഡിൽ കഠിനം ഈ യാത്ര
text_fieldsrepresentational image
തണ്ണിത്തോട്: തേക്കുതോട് പൂച്ചക്കുളം പ്രദേശവാസികള്‍ക്ക് വികസനം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. തണ്ണിത്തോട് പഞ്ചായത്തിന്റെ കുടിയേറ്റ കാലത്തോളം പഴക്കമുണ്ട് പൂച്ചക്കുളം എന്ന പ്രദേശത്തിന്. എന്നാല്‍, സാധാരണക്കാരായ ആളുകള്‍ മാത്രം താമസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ കല്ലുകള്‍ മാത്രം അടുക്കിയ റോഡിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. പ്രദേശത്തേക്ക് കടന്നുചെല്ലുന്ന പൂച്ചക്കുളം-മണ്‍പിലാവ് റോഡില്‍ പൂച്ചക്കുളം പാലം മുതല്‍ ജനവാസമേഖലയിലേക്ക് സഞ്ചരിക്കുന്നതിന്റെ അവസാനം വരെ മുക്കാല്‍ കിലോമീറ്റർ കരിങ്കല്ലുകള്‍ അടുക്കി നിര്‍മിച്ച പാതയാണ്. റോഡിന്റെ കുറച്ച് ഭാഗം നേരത്തേ കോൺക്രീറ്റ് ചെയ്തിരുന്നു. കുടിയേറ്റ കാലത്ത് നിര്‍മിച്ച പാതക്ക് നാൽപതിൽ അധികം വര്‍ഷം പഴക്കമുണ്ട്.
കുത്തനെ കയറ്റമുള്ള ഇവിടെ എത്തിച്ചേരണമെങ്കില്‍ ജീപ്പുകള്‍ മാത്രമാണ് ജനങ്ങള്‍ക്ക് ഏക ആശ്രയം. പൂച്ചക്കുളം ജനവാസമേഖലയില്‍ അവസാനിക്കുന്ന കല്ലുപാതയില്നിന്നും വനവും പ്ലാന്റേഷന് കോര്പറേഷന് എസ്റ്റേറ്റും കഴിഞ്ഞാല്‍ മണ്‍പിലാവിലെ ജനവാസമേഖലയില്‍ എത്തിച്ചേരുവാന്‍ സാധിക്കും. പൂച്ചക്കുളം പാലം മുതല്‍ മൂന്നരകിലോമീറ്റര്‍ സഞ്ചരിക്കണം മണ്പിലാവില് എത്താന്‍. കുടിയേറ്റ കാലം മുതല്‍ ചിറ്റാര്‍ ചന്തയിലേക്കും മറ്റും തേക്കുതോട് പ്രദേശവാസികളായ ആളുകള്‍ സഞ്ചരിച്ചിരുന്നതും ഇതുവഴിയാണ്. വനംവകുപ്പ് വാഹനങ്ങളും റോഡ് പ്രയോജനപ്പെടുത്തുന്നുണ്ട്. വീതി കുറവായ റോഡിന് സംരക്ഷണഭിത്തിയില്ലാത്തത് കൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഡ്രൈവര്‍മാരുടെ കണ്ണൊന്ന് തെറ്റിയാല്‍ ജീപ്പ് കൊക്കയിലേക്കാവും മറിയുക. റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.