വരണ്ടുണങ്ങി നദികൾ, വറ്റിത്തുടങ്ങി കുടിവെള്ള സ്രോതസ്സുകൾ
text_fieldsനീരൊഴുക്ക് കുറഞ്ഞ പമ്പാനദി. അത്തിക്കയം പാലത്തിൽ നിന്നുള്ള കാഴ്ച
വടശ്ശേരിക്കര: കോരിച്ചൊരിയുന്ന മഴയും മലവെള്ളപ്പാച്ചിലും മഹാപ്രളയവും സൃഷ്ടിച്ച നദികൾ പ്രളയത്തിന്റെ അഞ്ചാം വാർഷികകാലത്ത് വറ്റിവരണ്ടിരിക്കുകയാണ്.2018ലെ ആഗസ്റ്റ് ആവർത്തിക്കുമോയെന്ന ആശങ്ക പമ്പാ, അച്ചൻകോവിൽ, മണിമലയാർ ഉൾപ്പെടെയുള്ള നദീതീരത്തുള്ളവർക്ക് എല്ലാക്കാലത്തും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ കാര്യങ്ങൾ നേർ വിപരീതമാണ്. മൺസൂൺ തുടങ്ങിയപ്പോൾ ഒന്നോ രണ്ടോ മഴക്ക് ഇക്കൊല്ലം മണിമലയാർ കരകവിഞ്ഞൊഴുകിയിരുന്നു.
ഇതോടെ പ്രളയകാലത്തിനു സമാനമായ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമൊക്കെ പമ്പാനദിയിലും അച്ചൻകോവിൽ ആറ്റിലും ഉണ്ടാകുമെന്ന ആശങ്കയും ഉണ്ടായിരുന്നു.പ്രളയത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായ റാന്നി, പെരുനാട്, വടശ്ശേരിക്കര തുടങ്ങിയ താഴ്ന്ന പ്രദേശത്തെ വ്യാപാരികളും മണിമലയാറ്റിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ആശങ്കയിലായിരുന്നു.
എന്നാൽ, ജൂലൈ അവസാനം മുതൽ വേനൽ കനത്തതോടെ ഫെബ്രുവരി, മാർച്ച് മാസങ്ങൾക്ക് സമാനമായ ചൂടും ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമവും രൂപപ്പെട്ടു തുടങ്ങി. ഈ സമയം നിറഞ്ഞൊഴുകേണ്ടിയിരുന്ന കുടിവെള്ള സ്രോതസ്സുകളും കടുത്ത വേനലിൽ മാത്രം വറ്റാറുള്ള കിണറുകളുമൊക്കെ പൂർണമായും വറ്റിവരണ്ടു.
ഇതോടെ ജില്ലയിലെ കാർഷിക മേഖലക്കും നിർമാണ മേഖലക്കും വൻ തിരിച്ചടിയാണുണ്ടാക്കിയത്. മുൻ വർഷങ്ങളിൽ ഇതേസമയം നിറഞ്ഞൊഴുകിയിരുന്ന പമ്പാ, അച്ചൻകോവിൽ, മണിമലയാർ, കല്ലാർ, അഴുതയാർ, കക്കാട്ടാർ തുടങ്ങി ജില്ലയിൽ കൂടി കടന്നുപോകുന്ന എല്ലാ നദികളിലും പേരിനു മാത്രമാണ് നീരൊഴുക്കുള്ളത്. നദികളിലും ജലസംഭരണികളിലും വെള്ളമില്ലാതായത് വൈദ്യുതോൽപാദന മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

