അരി വില കുതിക്കുന്നു; ജനം കിതക്കുന്നു
text_fieldsപത്തനംതിട്ട: പൊതുവിപണിയിൽ അരിയുടെ വില വൻവർധന സാധാരണക്കാരന്‍റെ പോക്കറ്റ് കാലിയാക്കുന്നു.ഇപ്പോൾ ഒരു കിലോ അരിക്ക് 60 രൂപയായിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് നെല്ല് ഉൽപാദനത്തിൽ വലിയ കുറവുണ്ടായതോടെ വിപണിയിൽ അരിക്ക് ക്ഷാമമുണ്ട്.
ജില്ലയിൽ കൂടുതലും മട്ട അരിയും പൊന്നി അരിയുമാണ് വിറ്റുപോകുന്നതെന്ന് വ്യാപാരികൾ പറയുന്നു. മൊത്ത വിലയെക്കാൾ 10 രൂപ കൂട്ടിയാണ് ജില്ലയിൽ സാധാരണക്കാരന്‍റെ കൈയിലേക്ക് അരി എത്തുന്നത്.44 മുതൽ 56 രൂപ വരെയാണ് മട്ട അരിയുടെ മൊത്ത വില. പൊന്നിഅരിക്ക് 31 മുതൽ 53 രൂപ വരെയാണ് മൊത്തവില ഈടാക്കുന്നത്.
ജില്ലയിലേക്ക് അരി എത്തുന്നത് കൂടുതലും കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ്. 70 ശതമാനത്തോളം അരിയും ജില്ലയിലെത്തുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്നാണ്. പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളിൽനിന്ന് ബാക്കി 30 ശതമാനത്തോളം എത്തുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നെല്ലിന്റെ ഉൽപാദനം കുറഞ്ഞതാണ് അരിയുടെ വില വർധിക്കാൻ പ്രധാന കാരണം. കോവിഡിനെ തുടർന്ന് കൃഷി കുറഞ്ഞു. ശബരിമല സീസൺ അടുത്തതോടെ ഇനിയും വില വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
മൊത്ത വില ജില്ലയിൽ
മട്ട അരി: 44.48 മുതൽ 56.80 രൂപ വരെ
ജയ അരി: 44 മുതൽ 56വരെ
പൊന്നി അരി : 31.20 മുതൽ 53 രൂപവരെ
ബിരിയാണി അരി : 90 മുതൽ 113 വരെ