ജില്ലയിൽ 20 കടവുകളിൽ മണൽ വാരാനുണ്ട്; മാർഗരേഖ റവന്യൂ വകുപ്പ് അംഗീകരിച്ചു
text_fieldsപത്തനംതിട്ട: നദികളിലെ മണൽ വാരാൻ മാർഗരേഖ റവന്യൂ വകുപ്പ് അംഗീകരിച്ചതോടെ കടവുകൾ നിശ്ചയിക്കാനുള്ള നടപടി ഉടൻ തുടങ്ങും. ജില്ലയിൽ 20 കടവുകളിൽ മണൽ വാരാനുണ്ടെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ (എൻ.ഐ.ഐ.എസ്.ടി) പഠന റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നടന്ന ദുരന്ത നിവാരണ, റിവർ മാനേജ്മെന്റ് വിഭാഗങ്ങളുടെ യോഗം മണൽ വാരാനുള്ള കടവുകളുടെ അതിരുകൾ നിർണയിക്കാൻ ആർ.ഡി.ഒമാർക്ക് നിർദേശം നൽകി. ജില്ലയിൽ പമ്പ, അച്ചൻകോവിൽ നദികളിലാണ് മണൽ വാരുന്നതിന് കടവുകൾ നിശ്ചയിച്ചിട്ടുള്ളത്. പമ്പയിൽ പതിമൂന്നും അച്ചൻകോവിൽ ഏഴും കടവുകളിൽനിന്നാണ് മണൽ വാരാനുള്ളത്. മണിമല ആറിലെ കടവുകൾ നിശ്ചയിച്ചിട്ടില്ല. കടവുകളുടെ അതിരുകൾ നിർണയിച്ച് ടെൻഡർ പൂർത്തിയാക്കിയാൽ മാത്രമേ വാരാൻ കഴിയുകയുള്ളൂ. ഈ വർഷത്തെ കാലവർഷത്തിന് മുമ്പ് ഇത് നടക്കില്ലെന്ന് ഉറപ്പാണ്.
2018, ’19 വെള്ളപ്പൊക്കത്തിൽ നദികളിൽ മണലും എക്കലും അടിഞ്ഞ് അടിത്തട്ട് ഉയർന്നിട്ടുണ്ട്. കാലവർഷത്ത് മഴ ക്രമാതീതമായാൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കും. മണൽ വാരി ലേലത്തിൽ വിറ്റാൽ നിർമാണ മേഖലക്ക് പ്രയോജനപ്പെടും. നദികളുടെ സംരക്ഷണത്തിനും മണൽ ക്ഷാമത്തിനും പരിഹാരമാകും. 2016ൽ നിയമ ഭേദഗതിയിലൂടെയാണ് മണൽവാരലിന് വിലക്ക് ഏർപ്പെടുത്തിയത്.
എട്ട് ജില്ലകളിൽ മണൽവാരാം
കേന്ദ്ര വനം –പരിസ്ഥിതി മന്ത്രാലയം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം എന്നിവയുടെ വിജ്ഞാപനങ്ങളും സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും വിധികളും അടിസ്ഥാനമാക്കി തയാറാക്കിയതാണ് മാർഗനിർദേശങ്ങൾ. പത്തനംതിട്ട ഉൾപ്പെടെ എട്ട് ജില്ലകളിൽ മണൽവാരാമെന്നാണ് പഠന റിപ്പോർട്ട്.
കൊല്ലം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർകോട്, തൃശൂർ, മലപ്പുറം, പാലക്കാട് എന്നിവയാണ് ഈ ജില്ലകൾ. കടവുകളും അവയുടെ വിസ്തൃതിയും അടിസ്ഥാനമാക്കിയാകും മണൽവാരലിന്റെ തോത് നിശ്ചയിക്കുക. ഏകദേശം 10 വർഷത്തിനുശേഷം മണൽവാരൽ പുനരാരംഭിക്കുന്നത്.
2006ലെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ മണൽവാരലിനു പാരിസ്ഥിതിക അനുമതി വേണമെന്ന നിർദേശം 2015ൽ നടപ്പാക്കിയതോടെയാണ് നിർത്തിവെക്കാൻ തീരുമാനിച്ചത്.
മണൽ കടവുകൾ
പമ്പ : 13
അച്ചൻകോവിൽ : 7
ആകെ മണൽ ശേഖര: 3,54,140 ക്യുബിക് മീറ്റർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

