റവന്യൂ വകുപ്പ് അവാർഡ്: അംഗീകാര നിറവിൽ പത്തനംതിട്ട ജില്ല
text_fieldsപത്തനംതിട്ട: സംസ്ഥാന സർക്കാറിന്റെ റവന്യൂ പുരസ്കാരങ്ങളുടെ നിറവിൽ ജില്ലയും. സമയബന്ധിമായി പദ്ധതികൾ പൂർത്തിയാക്കി മികച്ച വില്ലേജ് ഓഫിസായി പന്തളം തെക്കേക്കര തെരഞ്ഞെടുക്കപ്പെട്ടു. ജില്ലതലത്തിൽ മൂന്നുപേരെ മികച്ച വില്ലേജ് ഓഫിസർമാരായി തെരഞ്ഞെടുത്തു. റാന്നി അങ്ങാടി വില്ലേജ് ഓഫിസർ എസ്. ജയരാജ്, പള്ളിക്കൽ വില്ലേജ് ഓഫിസർ ആർ. സന്തോഷ്കുമാർ, കുറ്റപ്പുഴ വില്ലേജ് ഓഫിസർ കെ.ജി. മഞ്ജുലാൽ എന്നിവർ ജില്ലതലത്തിൽ മികച്ചവരായി.
സർവേയും ഭൂരേഖയും വകുപ്പിന്റെ അവാർഡുകൾ ലഭിച്ചവർ
മികച്ച ഡെപ്യൂട്ടി ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ പത്തനംതിട്ടയിൽ ജോലിനോക്കുന്ന എൻ.ബി. സിന്ധുവുമുണ്ട്. മറ്റ് അവാർഡുകൾ: ഹെഡ് സർവേയർ-എ.കെ. മനോജ് കുമാർ (റീസർവേ സൂപ്രണ്ട് ഓഫിസ് അടൂർ), ഹെഡ് ഡ്രാഫ്റ്റ്സ്മാൻ -എസ്. ശ്രീദേവിയമ്മ (റേഞ്ച് അസി. ഡയറക്ടർ ഓഫിസ്), സർവേയർ-ദീപ ജി. സത്യൻ (അസി. ഡയറക്ടർ ഓഫിസ് പത്തനംതിട്ട), ഡ്രാഫ്റ്റ്സ്മാൻ -ടി.എ. അജേഷ് കുമാർ (അസി. ഡയറക്ടർ ഓഫിസ്).
റെക്കോഡുകൾ ഡിജിറ്റലാക്കി സിന്ധു
സംസ്ഥാന സർക്കാറിന്റെ റവന്യൂ പുരസ്കാരങ്ങളിൽ സർവേ വകുപ്പിൽ സംസ്ഥാന തലത്തിൽ മികച്ച ഡെപ്യൂട്ടി ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട എൻ.ബി. സിന്ധുവിന് ഇതു കഠിനാധ്വാനത്തിനുള്ള അംഗീകാരം കൂടിയാണ്. ഡിജിറ്റൽ സർവേ ജോലികളുടെ ചുമതലയുള്ള എൻ.ബി. സിന്ധു ദക്ഷിണ മേഖല ജോയന്റ് ഡയറക്ടറുടെ (സർവേ) അധിക ചുമതലയും വഹിക്കുന്നുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളുടെ ചുമതലയാണിത്.
എൻ.ബി. സിന്ധു (സർവേ ഡെപ്യൂട്ടി ഡയറക്ടർ, പത്തനംതിട്ട)
കൂടാതെ 14 ജില്ലകളിലെ റവന്യൂ റെക്കോഡുകൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. 12 വില്ലേജുകളിലെ ഡിജിറ്റൽ സർവേ സമയബന്ധിതമായി ഈവർഷം മേയ് 31ന് മുമ്പ് ജില്ലയിൽ പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ്. കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് ഗ്രീഷ്മത്തിലാണ് താമസം. ഭർത്താവ്: പി. രാധാകൃഷ്ണൻ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, എഴുകോൺ). മക്കൾ: യദു കൃഷ്ണൻ, ജിതിൻ കൃഷ്ണൻ (വിദ്യാർഥികൾ).
പന്തളം തെക്കേക്കര മികച്ച വില്ലേജ് ഓഫിസ്
ജില്ലയിലെ മികച്ച വില്ലേജ് ഓഫിസായി പന്തളം തെക്കേക്കരയെ തെരഞ്ഞടുത്തു. ജോലികൾ മാറ്റിവെക്കാതെ അന്നുതന്നെ ചെയ്തുതീർത്താണ് അംഗീകാരം നേടിയെടുത്തത്.അതതു ദിവസം വരുന്ന ഫയലുകൾ തീർപ്പാക്കാനും സർട്ടിഫിക്കറ്റുകൾ കാലതാമസമില്ലാതെ നൽകാനും നികുതി കുടിശ്ശികയില്ലാതെ പിരിച്ചെടുക്കാനുമായത് അംഗീകാരത്തിലേക്ക് എത്തിച്ചുവെന്ന് വില്ലേജ് ഓഫിസർ രാജി കെ. നായർ പറഞ്ഞു.
മികച്ച വില്ലേജ് ഓഫിസായി തെരഞ്ഞെടുക്കപ്പെട്ട പന്തളം തെക്കേക്കര വില്ലേജ് ഓഫിസിന് മുന്നിൽ ജീവനക്കാർ
തർക്കങ്ങൾ വേഗം തീർപ്പുകൽപിക്കാനായി. സർക്കാറിലേക്കുള്ള വിവിധ നികുതികൾ പൂർണമായി പിരിച്ചെടുത്തു. വില്ലേജ് ഓഫിസ് വൃത്തിയായി പരിപാലിക്കുന്നു. ജീവനക്കാരുടെ ഒരേ മനസ്സോടെയുള്ള പ്രവർത്തനവും ജോലിയോടുള്ള ആത്മാർഥതയും ഓഫിസിന്റെ വൃത്തിയുമെല്ലാം പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചതെന്ന് ഈ കാലയളവിൽ വില്ലേജ് ഓഫിസറായി ജോലിനോക്കിയിരുന്ന ശുഭ രവീന്ദ്രൻ പറഞ്ഞു.സ്പെഷൽ വില്ലേജ് ഓഫിസർ എ. അൻസാരി, വില്ലേജ് അസിസ്റ്റന്റ് കെ. ജയലാൽ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമരായ മഞ്ജു ശാലിനി, എ.എൻ. ഷീജ, എ. രവീന്ദ്രൻ നായർ എന്നിവരാണ് വില്ലേജ് ജീവനക്കാർ.
മികച്ച വില്ലേജ് ഓഫിസർമാർ
എസ്. ജയരാജ്, റാന്നി അങ്ങാടി വില്ലേജ്
റാന്നി അങ്ങാടി വില്ലേജിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് എസ്. ജയരാജിന് ലഭിച്ച അംഗീകാരമാണ് സംസ്ഥാന റവന്യൂ വകുപ്പിന്റെ മികച്ച വില്ലേജ് ഓഫിസർ അവാർഡ്. ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരോടുള്ള സൗമ്യമായ പെരുമാറ്റം, കൃത്യമായ സർട്ടിഫിക്കറ്റുകളുടെ വിതരണം, ഫയൽ വേഗം നീക്കൽ, കുടിശ്ശിക പിരിവിലെ വർധന എന്നിവയൊക്കെയാണ് ജയരാജിനെ അവാർഡിന് അർഹനാക്കിയത്.
പുല്ലാട് കൃഷ്ണ നിവാസിൽ ജയരാജ് 2004ലാണ് റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2017ൽ വില്ലേജ് ഓഫിസറായി. 2021ലാണ് റാന്നി അങ്ങാടിയിലെത്തിയത്. ഭാര്യ: സ്വകാര്യ സ്കൂളിലെ അധ്യാപിക ഷീജ ജി. നായർ. മക്കൾ: ശിവാനി, മാധവൻ (വിദ്യാർഥികൾ).
ആർ. സന്തോഷ് കുമാർ, പള്ളിക്കൽ വില്ലേജ്
ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയതിനുള്ള അംഗീകാരമാണ് പള്ളിക്കൽ വില്ലേജ് ഓഫിസർ ആർ. സന്തോഷ് കുമാറിനെ മികച്ച വില്ലേജ് ഓഫിസറാക്കിയത്. കൃത്യസമയത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക, മികച്ച രീതിയിലുള്ള കലക്ഷൻ, ജനങ്ങളോടുള്ള അടുപ്പം എന്നിവയാണ് അംഗീകാരത്തിനായി പരിഗണിച്ചത്.
ഒരു വർഷവും മൂന്നു മാസവുമായി പള്ളിക്കൽ വില്ലേജ് ഓഫിസർ ചുമതല വഹിക്കുന്നു. കൊടുമൺ അങ്ങാടിക്കൽ സന്തോഷ് ഭവനിൽ റിട്ട. അധ്യാപകരായ എൻ. രവീന്ദ്രക്കുറുപ്പിന്റെയും വി.ആർ. സുശീലാദേവിയുടെയും മകനാണ്. ഭാര്യ: സൂര്യപ്രഭ. മക്കൾ: കാദംബരി, കൗശിക് (വിദ്യാർഥികൾ).
കെ.ജി. മഞ്ജുലാൽ, കുറ്റപ്പുഴ വില്ലേജ്
കോവിഡ് കാലത്തിന് തൊട്ടുമുമ്പാണ് കെ.ജി. മഞ്ജുലാൽ കുറ്റപ്പുഴയിൽ വില്ലേജ് ഓഫിസറായി എത്തുന്നത്. കോവിഡ് തുടങ്ങിയപ്പോൾ മാർത്തോമ കോളജ് കേന്ദ്രീകരിച്ചായിരുന്നു തിരുവല്ലയിലെ ക്വാറന്റീൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചത്. പ്രധാന ചുമതലക്കാരിൽ ഒരാൾ കെ.ജി. മഞ്ജുലാൽ ആയിരുന്നു. കാര്യമായ പരാതികൾ ഇല്ലാതെയാണ് അക്കാലം കടന്നുപോയത്. താലൂക്കിൽ പ്രളയം ആദ്യം ബാധിക്കുന്ന പ്രദേശങ്ങളിലൊന്നായിരുന്നു തിരുമൂലപുരത്തെ കോളനികൾ.
മൂന്ന് തവണയും വെള്ളപ്പൊക്കത്തിൽ കോളനികൾ മുങ്ങി. അന്ന് മാറ്റിപ്പാർപ്പിക്കിൽ അടക്കം കാര്യങ്ങൾ പരാതിരഹിതമായി നിയന്ത്രിച്ചതും മഞ്ജു ലാലിന്റെ നേട്ടമായി. 2004ൽ ജോലിയിൽ പ്രവേശിച്ച മഞ്ജുലാൽ 2018ൽ അഗളിയിൽ വില്ലേജ് ഓഫിസറായി. 2019 ഒക്ടോബർ മുതൽ കുറ്റപ്പുഴയിലാണ്. കവിയൂർ തോട്ടഭാഗം കോച്ചേരിൽ കുടുംബാംഗമാണ്. ഭാര്യ: ബിന്ദുലക്ഷ്മി. മക്കൾ: മിഥുൻ കൃഷ്ണ, മഹേഷ് കൃഷ്ണ (വിദ്യാർഥികൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

