സൈബർ തട്ടിപ്പിൽ ഇരകളാകുന്നത് വിരമിച്ച ജീവനക്കാർ -ജില്ല പൊലീസ് മേധാവി
text_fieldsപത്തനംതിട്ട: സൈബർ തട്ടിപ്പ് സംഘങ്ങൾ പ്രധാനമായി ലക്ഷ്യമിട്ടുന്നത് വിരമിച്ച ജീവനക്കാരെയാണെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ്. എല്ലാ പ്രായവിഭാഗത്തിലുള്ളവരും കുടുങ്ങുന്നുണ്ടെങ്കിലും പൊലീസ് നിരീക്ഷണങ്ങളിൽ പെൻഷൻകാർ കൂടുതലായി ഇരകളാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രായമായ ഇവർക്കൊപ്പം മക്കൾ അടക്കമുള്ളവർ പലപ്പോഴും ഉണ്ടാകില്ല. പെൻഷൻ തുക ബാങ്കുകളിലുണ്ടാകും. ഇതാണ് ഇവരെ കുരുക്കാനുള്ള കാരണമെന്നും ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റ ആർ. ആനന്ദ് പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥരെ ബോധവത്കരിക്കാനും ശ്രമങ്ങളുണ്ടാകും.
ഒപ്പം ബാങ്കുകളുമായി ബന്ധപ്പെട്ട് സംയുക്ത യോഗം വിളിക്കുന്നതും പരിഗണനയിലാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുമായി നടത്തിയ ‘മുഖാമുഖ’ത്തിൽ പറഞ്ഞു. പോക്സോ കേസുകളിൽ കൃത്യമായ അന്വേഷണമുണ്ടാകും. വീഴ്ചകൾ തിരുത്തി മുന്നോട്ടുപോകും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കർശന നടപടികളുണ്ടാകും. ലഹരിക്കെതിരെ ജില്ലതലത്തിനൊപ്പം ഡിവിഷൻ, സ്റ്റേഷൻ തലങ്ങളിലും പരിശോധനകളും നടപടികളുമുണ്ടാകും.
ഗുണ്ടാ സംഘങ്ങൾക്കും സ്ഥിരം ക്രമിനലുകൾക്കുമെതിരെ കാപ്പ അടക്കമുള്ള നടപടി സ്വീകരിക്കും. സമാധാനാന്തരീക്ഷം നിലനിർത്താൻ എല്ലാ ശ്രമങ്ങളുമുണ്ടാകും. നിലവിലുള്ള മികച്ച പദ്ധതികൾ തുടരുന്നതിനൊപ്പം കുറ്റാന്വേഷണത്തിലടക്കം പുതിയ മാർഗങ്ങൾ സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

