വിശ്രമിച്ച് മടുത്തു, എന്ന് തുറക്കും?
text_fieldsഅടച്ചിട്ടിരിക്കുന്ന പത്തനംതിട്ടയിലെ വിശ്രമകേന്ദ്രം
പത്തനംതിട്ട: പണിപൂർത്തിയായി നാലു വർഷം പിന്നിട്ടിട്ടും തുറക്കാതെ ജില്ല ആസ്ഥാനത്തെ വിശ്രമകേന്ദ്രം. നഗരത്തിലെത്തുന്ന സ്ത്രീകൾ അടക്കമുള്ളവർക്ക് വിശ്രമസൗകര്യം ലക്ഷ്യമിട്ട് 65 ലക്ഷം ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. എന്നാൽ ഇപ്പോഴിത് സാമൂഹിക വിരുദ്ധരുടെയും തെരുവു നായ്ക്കളുടെയും താവളമായി മാറി. കെട്ടിടത്തിനു ചുറ്റും കാട് കയറി.
പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിനോടു ചേർന്ന സ്ഥലത്ത് മന്ത്രി വീണ ജോര്‍ജിന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് 2020 ജനുവരിയിലാണ് കെട്ടിടനിർമാണം തുടങ്ങിയത്. 2021ല്‍ 2400 ചതുരശ്ര അടി കെട്ടിടം പൂർത്തിയായി. ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റുമായി നിർമിച്ച ഇരുനില കെട്ടിടത്തിൽ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം മുറികള്‍, ശുചിമുറികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മുറികള്‍, പുസ്തകശാല തുടങ്ങി സൗകര്യങ്ങളാണ് ഒരുക്കിയത്.
നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. ശബരിമലയുടെ പ്രവേശന കവാടമായ പത്തനംതിട്ടയിൽ എത്തുന്ന തീർഥാടകർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇൻഫർമേഷൻ സെന്റർ തുറക്കാനും ലക്ഷ്യമിട്ടിരുന്നു. ശബരിമലയിലെ വിവരങ്ങൾക്കൊപ്പം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും നൽകാൻ പദ്ധതിയുണ്ടായിരുന്നു. ഭക്ഷ്യ വകുപ്പുമായി ചേർന്ന് ഹോട്ടൽ തുടങ്ങാനും ചർച്ച നടന്നിരുന്നു.
പണി പൂർത്തിയായി കെട്ടിടം ഔദ്യോഗികമായി കൈമാറാത്തതാണ് തുറന്നുകൊടുക്കുന്നതിന് തടസ്സമെന്ന് നഗരസഭ അധികൃതർ പറയുന്നു. വയറിങ്, പ്ലമ്പിങ് ജോലികളും പൂർത്തിയാക്കാനുണ്ട്. 2017ൽ രജനി പ്രദീപ് നഗരസഭാധ്യക്ഷ ആയിരിക്കെയാണ് പദ്ധതി ആവിഷ്ക്കരിച്ചത്. എന്നാൽ, സ്ഥലം ലഭിക്കാൻ വൈകി. 2019ൽ റോസ്ലിൻ സന്തോഷ് അധ്യക്ഷ ആയപ്പോഴാണ് സ്ഥലം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

