രോഗികളെ റഫർ ചെയ്യൽ; സ്വാധീനമുണ്ടെങ്കിൽ ചികിത്സയുണ്ട് ഓടിക്കുന്നത് പാവങ്ങളെ
text_fieldsപത്തനംതിട്ട: ജില്ലയിലെ ആശുപത്രികളിൽ ലഭ്യമായ പരിശോധനാ സംവിധാനങ്ങൾ ഉപയോഗിക്കാൻ തയാറാകാതെ റഫർ ചെയ്യാൻ ഡോക്ടർമാർ കാണിക്കുന്ന അത്യുത്സാഹംമൂലം കഷ്ടത്തിലാകുന്നത് ഏറെയും സാമ്പത്തികസ്ഥിതി തീരെ മോശമായ പാവങ്ങളായ രോഗികൾ.
സാമ്പത്തിക ശേഷിയുള്ളവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന ഇടത്തരക്കാർ ജനപ്രതിനിധികളുടെയും മറ്റും ശിപാർശയിലും സ്വാധീനത്തിലും അവിടെ തന്നെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും. മുതിർന്ന ഡോക്ടർമാരെ വീട്ടിലെത്തി കണ്ടാലും ഇക്കാര്യത്തിൽ വേണ്ട പരിഗണന കിട്ടും. ആശുപത്രി ജീവനക്കാരുടെ ബന്ധുക്കൾക്കും സർക്കാർ ആശുപത്രികളിൽനിന്ന് ബുദ്ധിമുട്ടില്ലാതെ ചികിത്സതേടി പോകാം. ഒരുപക്ഷേ, ഇവർക്കാണ് വലിയ പരിഗണന ലഭിക്കുന്നത്. എന്നാൽ, ഇത്തരത്തിലൊന്നുമുള്ള സ്വാധീനവും സാമ്പത്തിക സ്ഥിതിയുമില്ലാത്തവരെയാണ് ഡോക്ടർമാർ തട്ടിക്കളിക്കുന്നത്. റഫർ ചെയ്യുന്ന രോഗികളുടെ പട്ടിക എടുത്ത് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
108 ആംബുലൻസിൽ കോട്ടയത്തേക്ക് സൗജന്യമായി പോകുന്ന പാവങ്ങൾ കടംവാങ്ങിയും, മറ്റുള്ളവരുടെ കാലുപിടിച്ചുമൊക്കെയാണ് തിരിച്ചെത്തുന്നത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ള ജൂനിയർ ഡോക്ടറുടെ ‘മൂഡ്’പോലിരിക്കും എല്ലാം.
രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നതിന് മാനദണ്ഡങ്ങളൊന്നുമില്ല. ഇത് സംബന്ധിച്ച് ഒരു പരിശോധനയും ആശുപത്രിയുടെ ഭരണചുമതലയിലുള്ളവരുടെയോ, വകുപ്പിലെ സീനിയർ ഡോക്ടർമാരുടെയോ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളുടെ ബന്ധുക്കളും ഡോക്ടർമാരും തമ്മിലെ തർക്കങ്ങളും അനിഷ്ട സംഭവങ്ങളും വർധിച്ചതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരത്തിൽ നിരുത്തരവാദപരമായ ഒരു സമീപനം ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 108 ആംബുലൻസ് തലങ്ങും വിലങ്ങും ഓടുമ്പോൾ കരാർ കമ്പനിക്ക് അതുകൊണ്ട് വലിയ നേട്ടമാണ്. പക്ഷേ, എവിടെയെങ്കിലും ഒരു അപകടമുണ്ടായാൽ യഥാസമയം 108 കിട്ടാതെ വരുന്നു എന്നതാണ് ഇതിന്‍റെ മറ്റൊരു വശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

