റേഷൻ വ്യാപാരികൾ സമരത്തിലേക്ക്
text_fieldsപ്രതീകാത്മക ചിത്രം
പത്തനംതിട്ട: റേഷൻ വ്യാപാരികളുടെ കമീഷൻ വർധന ഉൾപ്പെടെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം എടുക്കാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഒക്ടോബർ ഏഴിന് സംസ്ഥാന, ജില്ല, താലൂക്ക് ഭാരവാഹികൾ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ അധ്യക്ഷത വഹിക്കും. വേതന പാക്കേജിന് വേണ്ടി നടത്തിയ അനിശ്ചിതകാല സമരം പിൻവലിച്ചത് മന്ത്രി ഉൾപ്പെടെയുള്ളവർ നടത്തിയ മധ്യസ്ഥ ശ്രമത്തെ തുടർന്നാണ്. എന്നാൽ ആവശ്യങ്ങൾ ഒന്നും നടപ്പിലാക്കാതെ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.
റേഷൻ വ്യാപാരികളെ സമരത്തിൽനിന്ന് പിന്മാറ്റാൻ പുതിയ പുതിയ ഉത്തരവുകൾ വകുപ്പ് മേധാവികൾ ഇറക്കുകയാണെന്നും ഇത് ഭക്ഷ്യ മന്ത്രിയും സംഘടന നേതാക്കന്മാരുമായി നടത്തിയ ചർച്ചയുടെ ലംഘനമാണെന്നും ജോൺസൺ വിളവിനാൽ പറഞ്ഞു. 70 വയസ്സായ റേഷൻ വ്യാപാരികളെ ആനുകൂല്യം നൽകാതെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ നവംബർ ഒന്നു മുതൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തോടൊപ്പം കടകൾ അടച്ചിടാൻ വ്യാപാരികൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

