യുവാവിൻ്റെ മരണം: ദുരൂഹതയെപ്പറ്റി അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവിൻ്റെ പരാതി
text_fieldsറാന്നി: റോഡരികിൽ യുവാവിനെ രക്തം വാർന്ന മരിച്ച സംഭവത്തിലെ ദുരൂഹത അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് റാന്നി പോലീസിൽ പരാതി നൽകി. മന്ദമരുതി തെക്കേച്ചരുവിൽ മുകേഷ്കുമാറിന്റെ (35) മരണത്തിനു പിന്നിലെ ദുരൂഹതയെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ടി.എൻ.മധുവാണ് റാന്നി ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
കഴിഞ്ഞ മാസം 25ന് രാത്രിയിലാണ് ഇടമുറി തോമ്പിക്കണ്ടത്തിന് സമീപത്തെ ഹോളോബ്രിക്സ് കമ്പനിക്കു സമീപം മുകേഷിനെ അവശനിലയിൽ കണ്ടത്. പരുക്കേറ്റു കിടന്ന സമയത്ത് മുകേഷ് ഭാര്യ റെനിയെ ഫോണിൽ വിളിച്ച് ഒരു വാഹന നമ്പരും പേരും പറഞ്ഞിട്ടുള്ളതായി പരാതിയിൽ പറയുന്നു.മുകേഷിന്റെ ശരീരത്തിൽ വാഹനാപകടത്തിൽ സംഭവിച്ചതല്ലാത്ത രീതിയിലുള്ള പരുക്കാണുള്ളതെന്നും പരാതിയില്‍ പറയുന്നു. മറ്റേതോ സ്ഥലത്ത് വെച്ച് മുകേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ പരുക്കേറ്റതാകാമെന്നും അവിടുന്ന് രക്ഷപെട്ടു ഇരുചക്ര വാഹനം ഓടിച്ചെത്തി ഇവിടെ വെച്ച് അവശനായി വീണതാകാമെന്നു സംശയിക്കുന്നുവെന്ന് പിതാവ് പരാതിയില്‍ സൂചിപ്പിക്കുന്നു.
യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് വാഹനത്തിന്‍റെ എഞ്ചിന്‍ നിലയ്ക്കാത്ത നിലയിലും ലൈറ്റ് കത്തിച്ച നിലയിലുമാണ് ഉണ്ടായിരുന്നത്. സ്കൂട്ടറിന് ചെറിയ പോറൽ പോലും ഏറ്റിട്ടുമില്ലെന്ന് പരാതിയില്‍ ഉണ്ട്. മുകേഷിന്‍റെ ചെരുപ്പ് സംഭവ സ്ഥലത്ത് കാണാഞ്ഞതും സംശയം ജനിപ്പിക്കുന്നതായി മധു നൽകിയ പരാതിയിൽ പറയുന്നു. മുകേഷിന്‍റെ വാടക വീട് സ്ഥിതി ചെയ്യുന്ന കണ്ണമ്പള്ളിക്കുള്ള യാത്രക്കിടെയാണ് ഇടമുറിയില്‍ വെച്ച് അപകടം ഉണ്ടായത്. അത്തിക്കയത്തെ സ്ഥാപനം അടച്ച് വരുന്ന വഴി അപകടം കണ്ട പാറേക്കടവ് സ്വദേശിയാണ് യുവാവിനെ റാന്നി താലൂക്കാശുപത്രിയിലെത്തിച്ചത്.ഇവിടുന്ന് വീട്ടുകാരുടെ നേതൃത്വത്തില്‍ വിദഗ്ദ ചികിത്സാക്കായി കോട്ടയത്തിന് മാറ്റുന്നതിനിടെ പാമ്പാടി താലൂക്കാശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.വെച്ചൂച്ചിറ പൊലീസാണ് ആദ്യം കേസെടുത്ത് അന്വേക്ഷണം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

