വലിയകാവ്-പൊന്തൻ പുഴ റോഡിൽ ഗതാഗതം മുടങ്ങി
text_fieldsവലിയകാവ് വലിയ തോട്ടിൽ വെള്ളം ഉയർന്ന് പൊന്തൻ പുഴ റോഡിൽ ഗതാഗതം മുടങ്ങിയപ്പോൾ
റാന്നി: വലിയകാവ് വലിയ തോട്ടിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വലിയകാവ് - പൊന്തൻപുഴ റോഡിൽ ഗതാഗതം മുടങ്ങി. ശനിയാഴ്ച രാവിലെ മുതൽ തന്നെ വലിയ കാവ് വനമേഖലയിൽ മഴ ശക്തമായിരുന്നു. കനത്ത മഴത്തെ തുടർന്ന് വനത്തിൽ നിന്നും ഉത്ഭവിക്കുന്ന വലിയ തോട്ടിൽ ജലനിരപ്പ് ഉയർന്നു. തോടിന് സമീപത്തെ വീടുകളിലും വെള്ളം കയറി.
ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ മഴയിലാണ് പ്രധാന റോഡും വെളളത്തിനടിയിലായത്. തുടർന്ന് വലിയകാവ് പൊന്തൻപുഴ റോഡിൽ ഗതാഗതം മുടങ്ങുകയായിരുന്നു. വലിയകാവ് ജയാ ഹ്വാച്ചറി ഷെഡിന് സമീപം പൊതുമരാമത്ത് റോഡിലെ കലുങ്ക് അടഞ്ഞതിനെ തുടർന്ന് റോഡിൽ ഉണ്ടായ വെള്ളക്കെട്ട് സമീപത്തെ വീടുകൾക്കും കിണറുകൾക്കും ഭീഷണിയായി. ഗ്രാമ പഞ്ചായത്ത് അംഗം പി.എസ്. സതീഷ് കുമാർ പൊതുമരാമത്ത് അധികൃതരെ വിവരം അറിയിച്ച് മണ്ണുമാന്തി യന്ത്രം എത്തിച്ച് ഓട ഉണ്ടാക്കി പ്രശ്നം പരിഹരിച്ചു.

