റാന്നിയിൽ മോഷണവും പിടിച്ചുപറിയും; ജനം ഭീതിയിൽ
text_fieldsറാന്നി: ഓണക്കാലത്ത് റാന്നി താലൂക്കിെൻറ വിവിധ പ്രദേശങ്ങളില്‍ ചെറുതും വലുതുമായ മോഷണങ്ങള്‍ പെരുകുന്നു. പരാതിയെത്തുടർന്ന് പൊലീസ് പട്രോളിങ് ശക്തമാക്കി. വ്യാഴാഴ്ച രാത്രി ഇട്ടിയപ്പാറ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നടന്ന മോഷണമാണ് അവസാന സംഭവം. മിനർവപ്പടിയിൽ സ്ഥാപനത്തിെൻറ ഷട്ടർ ഉയർത്തി ഗ്ലാസ് തകർത്ത് അകത്തുകടന്ന മോഷ്ടാവ് രണ്ട് ചാക്ക് സാധനങ്ങളുമായാണ് കടന്നത്. പണം നഷ്ടമായിട്ടില്ല. ഇതിനിടെ ജനങ്ങളില്‍ ഭയം സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിൽ മോഷ്ടാക്കളെക്കുറിച്ച് സന്ദേശങ്ങൾ പെരുകുന്നു. പെരുനാട്ടില്‍ പട്ടാപ്പകല്‍ വയോധികയെ ഇരുചക്രവാഹനത്തിലെത്തിയവര്‍ അടിച്ചുവീഴ്ത്തി മാല കവര്‍ന്നതും ചേത്തക്കൽ വീടിന് പിന്നിലിരുന്ന സ്ത്രീയെ ആക്രമിച്ച് മാല കവര്‍ന്നതും ഒരേ ദിവസം. ഒരാഴ്ച മുമ്പും ചേത്തക്കലില്‍ വഴിയാത്രക്കാരിയെ ആക്രമിച്ച് മാല കവര്‍ന്നിരുന്നു. വൃന്ദാവനത്തും ചാലാപ്പള്ളിയിലും കുറുവ സംഘമെത്തി മോഷണം നടത്തിയെന്നും കനകപ്പലത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എത്തിയെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതും പരിഭ്രാന്തി ഇരട്ടിച്ചു.
രാത്രികാലങ്ങളില്‍ ഇതരസംസ്ഥാന സ്ത്രീകള്‍ ഒറ്റക്ക് കറങ്ങിനടക്കുന്നതും ജനങ്ങളില്‍ സംശയം സൃഷ്ടിക്കുന്നുണ്ട്. രണ്ടുദിവസം മുമ്പ് വടശ്ശേരിക്കര കന്നാംപാലത്ത് സംശയാസ്പദ സാഹചര്യത്തില്‍ കണ്ട സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. വ്യാഴാഴ്ച രാത്രി വൈകി ഇട്ടിയപ്പാറ കോളജ് റോഡില്‍ തടിമില്ലിനുസമീപം അന്തർസംസ്ഥാനക്കാരിയായ വയോധിക ഒറ്റക്ക് ഇരിക്കുന്നതുകണ്ട് നാട്ടുകാര്‍ കൂടിയിരുന്നു. ഗതാഗതത്തിന് മാര്‍ഗതടസ്സം ഉണ്ടാക്കുന്ന രീതിയിലിരുന്ന ഇവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. വിവരം റാന്നി പൊലീസില്‍ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.സമൂഹമാധ്യമങ്ങള്‍ വഴി കുറുവ മോഷണസംഘം കേരളത്തിലെ വിവിധ പ്രദേശങ്ങളിലെത്തിയെന്ന സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന പൊതുജനത്തിന് ഓണക്കാലത്ത് വര്‍ധിച്ചു വരുന്ന മോഷണവാര്‍ത്തകളും കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചെറുതും വലുതുമായ നിരവധി മോഷണങ്ങള്‍ നാട്ടില്‍ പെരുകുന്നുണ്ട്.
വലിയ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടാലേ പരാതിയും കേസുമാവുന്നുള്ളൂ എന്നതും നാട്ടിന്‍പുറത്തെ കള്ളന്മാര്ക്ക് സഹായകരമാണ്. പകല്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാനെത്തുന്നവര്‍ വീടുകളില്‍നിന്നും വിലപിടിപ്പുള്ള സാധനങ്ങളും കടത്തിക്കൊണ്ടു പോവുന്നുണ്ട്. രാത്രി കാലങ്ങളിലെ കനത്ത മഴയും മോഷ്ടാക്കള്‍ക്ക് വലിയ സഹായമാണ്. പലരും ഇപ്പോള്‍ വീടിന് ചുറ്റും രാത്രികാലങ്ങളില്‍ വെളിച്ചമിടാന്‍ ശ്രമിക്കുന്നുണ്ട്. പലസ്ഥലത്തും ജനങ്ങള്‍ സ്വയം ജാഗ്രത പുലര്‍ത്തുകയാണ്.
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ മോഷണം
തിരുവല്ല: പ്ലാറ്റ്ഫോമിെൻറ മേൽക്കൂര നിർമിക്കാൻ എത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സാധന സാമഗ്രികൾ തിരുവല്ല റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷണംപോയി. മൂന്നാം പ്ലാറ്റ്ഫോമിൽ മേൽക്കൂര നിർമിക്കുന്നതിനായി കരാറുകാരൻ എത്തിച്ച സാധന സാമിഗ്രികളാണ് മോഷണംപോയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കരാറുകാരെൻറ പരാതിയിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളരെയേറെ സുരക്ഷ സംവിധാനങ്ങളുള്ള റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധന സാമിഗ്രികൾ മോഷണംപോയ സംഭവം ദുരൂഹത ഉയർത്തുന്നുണ്ട്.
മാലമോഷ്ടാവ് അറസ്റ്റിൽ
റാന്നി: പെരുനാട്ടില്‍ വയോധികയുടെ മാല മോഷ്ടിച്ച പ്രതികളിലൊരാളെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ ചാമംപതാല്‍ ഇടയംകുളത്ത് വിമല്‍ വിനോദാണ് (22) പിടിയിലായത്. ഇയാളുടെ കൂട്ടാളി പാലാ സ്വദേശി സോണിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

