വടശ്ശേരിക്കര: ശുചിമുറി സൗകര്യം ആവശ്യപ്പെട്ട യുവതിയോടും കുടുംബത്തോടും പെട്രോൾ പമ്പ് ജീവനക്കാർ അപമര്യാദയായി പെരുമാറി ഇറക്കിവിട്ടതായി പരാതി. മലയാലപ്പുഴ സ്വദേശിനിയായ യുവതിയും ഭർതൃമാതാവും സഹോദര ഭാര്യയും എട്ടുവയസ്സുള്ള രണ്ടു പെൺകുട്ടികളുമടങ്ങുന്ന സംഘം മലയാലപ്പുഴയിൽനിന്ന് വണ്ടിപ്പെരിയാറിൽ ബന്ധുവീട്ടിൽ പോയി മടങ്ങുംവഴിയാണ് സംഭവം.
ഞായറാഴ്ച രാത്രി ഒമ്പതിന് റാന്നി മടത്തുംപടിയിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷെൻറ പെട്രോൾ പമ്പിൽകയറിയാണ് ശുചിമുറി ആവശ്യപ്പെട്ടത്. പമ്പ് ഉടമസ്ഥൻ എന്നവകാശപ്പെട്ട ഒരാളും മറ്റൊരു ജീവനക്കാരനും ചേർന്ന് സ്ത്രീകളെ അപമാനിക്കുകയും അശ്ലീലം പറയുകയുമായിരുന്നത്രെ. ഇതുസംബന്ധിച്ച് യുവതി കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി.
ഉപഭോക്താക്കളല്ലാത്തവർക്ക് പമ്പിൽ പ്രാഥമിക കൃത്യങ്ങൾ നടത്താൻ സൗകര്യമില്ലെന്ന് പറഞ്ഞ് അസഭ്യം പറയുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. പിന്നീട് കുടുംബം അരക്കിലോമീറ്റർ അപ്പുറം ഹിന്ദുസ്ഥാൻ പെട്രോളിയത്തിെൻറ പമ്പിൽകയറി ശുചിമുറി ഉപയോഗിക്കുകയായിരുന്നു.