റാന്നി: അന്തർ സംസ്ഥാന നാടോടി സംഘം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടത്തോടെ റാന്നിയിൽ എത്തിയത് നാട്ടുകാരിൽ ആശങ്ക പടർത്തി. ഞായറാഴ്ച രാവിലെയാണ് ബൈക്കുകളിൽ പെട്ടിവണ്ടി ഘടിപ്പിച്ച് സ്ത്രീകളെയും കുട്ടികളെയും അതിലിരുത്തി നൂറോളം ആളുകൾ എത്തിയത്. ചില വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റും ഇല്ല. ഏതുവഴി വെന്നന്നോ എങ്ങനെ വന്നെന്നോ പൊലീസിനുപോലും അറിയില്ല. രാത്രിയിൽ മാമുക്ക്, പേട്ട, ഇട്ടിയപ്പാറ എന്നീ കടവരാന്തകളിലാണ് അന്തിയുറങ്ങിയത്.
സംഭവം അറിഞ്ഞ മാത്രയിൽ ഇവരെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ വാർത്ത വന്നു. ഇവരെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യവുമുണ്ടായി. പൊലീസുകാരും മറ്റ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ജോലിയിൽ വ്യാപൃതരായിരുന്നതിനാൽ വൈകിയും ഇവരെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞിട്ടില്ല.
നാട്ടുകാർ ഇവരെ പിന്തുടരാൻ ശ്രമിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ തന്നെ റാന്നിയിൽനിന്ന് തിരുവല്ല ഭാഗത്തേക്കുപോയി. ഇവരുടെ ലക്ഷ്യത്തെക്കുറിച്ച് ആർക്കും അറിയില്ല. തമിഴ്നാട്ടിൽനിന്ന് എത്തിയവരാണെന്നാണ് സംശയിക്കുന്നത്. സാധാരണ നൂറ് സി.സി ബൈക്കിൽ ഇരുമ്പുകൊണ്ട് പെട്ടിയുണ്ടാക്കി ചക്രം പിടിപ്പിച്ച് പുറകിൽ ഉറപ്പിച്ചാണ് യാത്ര.