ചിറ്റാർ: മൂഴിയാർ നാൽപതേക്കർ കോളനിയിൽ തിങ്കളാഴ്ച രാത്രിയിൽ കൂട്ടമായെത്തിയ കാട്ടാനകൾ ശ്രി ധർമശാസ്താ ക്ഷേത്രത്തിൽ നാശംവിതച്ചു. ഓഫിസിെൻറ ഗ്രില്ലുകൾ വലിച്ചിളക്കി. നിലവിളക്കുകൾ തട്ടി തെറിപ്പിച്ചു. ഓഫിസ് മുറിയും ഉച്ചഭാഷിണിയും തകർത്തു. പൂജാ വസ്തുക്കളും നശിപ്പിച്ചു. രാത്രിയിൽ ശബ്ദംകേട്ട് സമീപത്തെ കോളനിവാസികൾ എത്തി ബഹളംെവച്ചെങ്കിലും ആനകൾ പോയില്ല. ഏറെനേരം ക്ഷേത്രപരിസരത്ത് കറങ്ങിനടന്ന ആനകൾ മണിക്കൂറുകൾക്കുശേഷം പുലർച്ചെയാണ് പോയത്.
ഓഫിസ് മുറിക്കുള്ളിലാണ് ശർക്കര സൂക്ഷിക്കുന്നത്. ശർക്കരയുടെ ഗന്ധം ഏറ്റാണ് കാട്ടാന കൂട്ടം എത്തിയത്. മുറിയുടെ മേൽക്കൂരയിലെ ഷീറ്റുകളും വലിച്ചു താഴെയിട്ടു നശിപ്പിച്ചു. ക്ഷേത്രത്തിനു ചുറ്റുമുള്ള മുള്ളുവേലി തല്ലിത്തകർത്താണ് ക്ഷേത്രത്തിനുള്ളിലേക്ക് കയറിയത്.
ശബരിഗിരി ജലവൈദ്യുതി നിലയത്തിലെ ജിവനക്കാർ താമസിക്കുന്ന മൂഴിയാർ 40 കോളനിക്ക് സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവരുടെ സംരക്ഷണയിലാണ് ഈ ക്ഷേത്രം. കഴിഞ്ഞ വർഷവും കാട്ടാന ക്ഷേത്രത്തിൽ കയറി നാശംവിതച്ചിരുന്നു.