ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി തെലങ്കാന സ്വദേശി മരിച്ചു
text_fieldsപി.എം റോഡിൽ റാന്നി വലിയപറമ്പുപടിയിൽ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറിയപ്പോൾ
റാന്നി: വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ഒമ്പതുപേർക്ക് പരിക്കേറ്റു. പുനലൂർ-മൂവാറ്റുപുഴ റോഡിൽ വലിയപറമ്പുപടിക്ക് സമീപം തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന തെലങ്കാന സ്വദേശി രാജേഷ് ഗൗഡാണ് (39) മരിച്ചത്.
നവീൻ (42), ഭാഗ്യ (24), മങ്കമ്മ (50), എളമ്മ (60), നന്ദു (25), വെച്ചൂച്ചിറ സ്വദേശികളായ ബ്ലസിമോൾ ജോബി (31), ബ്ലസിയുടെ മാതാവ് ബിന്ധു (55), മക്കളായ അയോണ മരിയ ജോബി (7), ജോയിൽ ജോബി സ്കറിയ (5) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലും റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബ്ലസിയും കുടുംബവും കണമല വട്ടപ്പാറയിലാണ് താമസം. ഇവരുടെ വീടിന്‍റെ മുകളിലത്തെ നില തെലങ്കാനയിലുള്ള സ്വാമിമാർക്ക് അന്നദാനം നടത്തുന്നതിന് വാടകക്ക് നൽകിയിരിക്കുകയായിരുന്നു. ശബരിമല നട അടച്ചസമയം തെലങ്കാനയിലുള്ള സ്വാമിമാരും അവരുടെ ബന്ധുക്കളും കുളത്തൂപ്പുഴ, ആര്യൻകാവ്, അച്ചൻകോവിൽ എന്നിവ കണ്ടശേഷം എരുമേലിയിൽനിന്ന് മടങ്ങിവരവേയാണ് അപകടം.
നിയന്ത്രണംവിട്ട ട്രാവലർ കൈവരി തകർത്ത് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്‍റെ മുൻവശം തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

