റാന്നിയിലെ റോഡുകളുടെ നിർമാണ പുരോഗതി വിലയിരുത്തി
text_fieldsറാന്നി: നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 3.10 കോടിയുടെ പ്രവൃത്തി നടക്കുന്നതായി അധികൃതർ അറിയിച്ചു. നിർമാണ പുരോഗതിയും പുനരുദ്ധാരണവും വിലയിരുത്താൻ പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. കാലവർഷം മൂലമാണ് നിർമാണ പ്രവർത്തി ആരംഭിക്കാൻ വൈകിയത്. റോഡിെൻറ കുഴിയടക്കൽ പ്രവൃത്തിക്കൊപ്പം തകരാറിലായ കലിങ്കുകളുടെ പുനരുദ്ധാരണവും ഓടകളുടെ നിർമാണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ എല്ലാം സഞ്ചാരയോഗ്യമാകും. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ കിടന്നിരുന്ന അത്തിക്കയം-കക്കുടുമൺ-മന്ദമരുതി റോഡ് (12 കോടി), ബാസ്റ്റോ റോഡ് (16 കോടി) എന്നിവ ശബരിമല ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണ അനുമതി ലഭിക്കുന്നതിനായി സർക്കാറിന് സമർപ്പിച്ചതായി എം.എൽ.എ അറിയിച്ചു.
ജലവിഭവ വകുപ്പിെൻറയും വൈദ്യുതി വകുപ്പിന്റെയും പ്രവൃത്തി വൈകുന്നതുമൂലം മുടങ്ങിക്കിടക്കുന്ന പണി പൂർത്തീകരിക്കുന്നതിന് അതത് വകുപ്പ് എൻജിനീയർമാരെ ഉൾപ്പെടുത്തി യോഗം അടിയന്തരമായി വിളിക്കാനും എം.എൽ.എ നിർദേശം നൽകി.
പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർ ബി. വിനു, അസി. എക്സി എൻജിനീയർമാരായ വി. അംബിക, പ്രമോദ്, റീന റഷീദ്, ഷാജി ജോൺ, ശാലിനി മാത്യു, അനുമോൾ, മിനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

