വാടക കുടിശ്ശിക റാന്നി തഹസിൽദാർക്ക് വാഹനമില്ല
text_fieldsറാന്നി: വാഹനമില്ലാതെ റാന്നി തഹസിൽദാർ. താലൂക്കിന്റെ അമരക്കാരനായ തഹസിൽദാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ വാഹനമില്ലാത്തത് തിരിച്ചടിയാകുന്നു.
പഴയ വാഹനം കാലാവധി കഴിയുകയും മറ്റൊരെണ്ണം കട്ടപ്പുറത്തുമായതോടെ മാസങ്ങളായി വാടക വാഹനത്തെയാണ് തഹസിൽദാർ ആശ്രയിക്കുന്നത്. എന്നാൽ, ഇതിന്റെ വാടക കുടിശ്ശികയായതോടെ വാടക വാഹനങ്ങളും ലഭിക്കാത്ത സാഹചര്യമാണ്.
ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ പതിവായ റാന്നിയിൽ അടിയന്തര സാഹചര്യങ്ങളിൽ സ്ഥലത്തെത്താൻ തഹസിൽദാർക്ക് നിലവിൽ മാർഗമില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, എസ്.ഐ.ആര്, കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ, പട്ടയ നടപടികൾ, അതിർത്തി തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്താൻ ഇതുമൂലം സാധിക്കുന്നില്ല. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്ന നിലയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന ഇടങ്ങളിൽ തഹസിൽദാറുടെ സാന്നിധ്യം അനിവാര്യമാണ്. വാഹനം ഇല്ലാത്തത് ഇതിന് തടസ്സമാകുന്നു. ശബരിമല ഉള്‍പ്പെടുന്ന പ്രദേശത്തെ താലൂക്ക് ഓഫിസുകൂടിയാണിത്. തീർഥാടനവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കേണ്ട ചുമതല ഈ ഓഫിസിനാണ്.
അധികൃതരുടെ അവഗണന
താലൂക്ക് ഓഫിസിലെ പഴയ വാഹനം പണിതീർക്കാൻ കഴിയാത്ത വിധം കേടായതിനെത്തുടർന്ന് പുതിയ വാഹനത്തിനായി സർക്കാരിന് അപേക്ഷ നൽകിയിട്ട് നാളുകളേറെയായി.
പത്തനംതിട്ടയിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നായിട്ടും റാന്നിയോടുള്ള ഈ അവഗണനയിൽ പ്രതിഷേധം ശക്തമാണ്. താലൂക്ക് ഓഫിസിലെ ദൈനംദിന പ്രവർത്തനങ്ങളെയും സാധാരണക്കാരുടെ പരാതി പരിഹാരങ്ങളെയും ഈ വാഹനമില്ലായ്മ സാരമായി ബാധിക്കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ ഇടപെട്ട് തഹസിൽദാർക്ക് പുതിയ വാഹനം അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

