റാന്നി സ്ഫോടനം: ഞെട്ടിവിറച്ച് നാട്ടുകാരും വ്യാപാരികളും
text_fieldsറാന്നി: റാന്നി പോലീസ് സ്റ്റേഷനു മൂക്കിനു താഴെ ഞായറാഴ്ച രാത്രിയിൽ പ്രകമ്പനം കൊള്ളിക്കുന്ന ഉഗ്ര സ്ഫോടനം ഞെട്ടിച്ചു. രാത്രി 9 .15ടെയാണ് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊലീസ് സ്റ്റേഷനും വ്യാപാര സ്ഥാപനങ്ങൾക്കും സമീപം സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിൽ കെട്ടിടങ്ങൾ കുലുങ്ങി. അസം സ്വദേശി താമസിച്ച ഇടശ്ശേരിൽ കുര്യാക്കോസിന്റെ വാടകക്കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗുരുതര പൊള്ളലേറ്റ ഗണേഷ് ഗൗർ (42 ) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സക്കിടെ മരണപ്പെട്ടു. ആദ്യം ഉഗ്രശബ്ദം എന്തെന്ന അറിയാതെ അരക്കിലോമിറ്റർ ചുറ്റളവിൽ ഉള്ളവർ പരിഭ്രാന്തിയിലായി. തൊട്ടുതാഴെയുള്ള മാർവൽ സ്പോർട്സ് സാധനങ്ങൾ വിൽപന നടത്തുന്ന കടയുടെ മുൻവശത്തെ ചില്ലുകൾ പ്രകമ്പനത്തിൽ തകർന്നു. ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി.
സ്ഫോടനം നടന്നത് ഇടുങ്ങിയ മുറിയായിരുന്നു. ആദ്യം സ്ഫോടക വസ്തുക്കൾ പൊട്ടിയെന്നാണ് കരുതിയത്. പിന്നീട് ഗ്യാസ് ചോർച്ചയെന്ന നിഗമനത്തിൽ പൊലീസെത്തി. പത്തനംതിട്ടയിൽനിന്ന് തിങ്കളാഴ്ച ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

